
കൊച്ചി: മത വിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയ്ക്ക് മുൻക്കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 17ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിലാണ് ഷാജൻ സ്കറിയക്കെതിരേ പൊലീസ് കേസെടുത്തത്. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിൻറെ ഭാഗമായി മാധ്യമപ്രവർത്തകൻ ജി. വിശാഖൻറെ ഫോൺ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു.
പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകൻറെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.





