ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ മുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചർച്ചക്കിടെ, എന്തുകൊണ്ട് മണിപ്പൂരിൽ നിന്നുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന് സംസാരിക്കാൻ അവസരം നൽകിയില്ലെന്ന ചോദ്യവുമായി കോൺഗ്രസ്. അവിശ്വാസ പ്രമേയത്തിൽ മറ്റു മന്ത്രിമാരുപ്പെടെ സംസാരിച്ചിരുന്നു. എന്നാൽ മണിപ്പൂരിൽ നിന്നുള്ള ഏക കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി എം.പിയുമായ രാജ്കുമാറിന് അവസരം നൽകിയിരുന്നില്ല.
കലാപത്തിൽ അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയുൾപ്പെടെ അക്രമികൾ തീയിട്ടു നശിപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് സംസാരിക്കാൻ അവസരം നൽകാത്തതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
ലോക്സഭയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അവിസ്വാസ പ്രമേയത്തെ എതിർത്ത് കേന്ദ്രമന്ത്രിമാരായ അമിത് ഷായും സ്മൃതി ഇറാനിയും സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ ചോദ്യം.