ബാംഗ്ലൂർ: ചാന്ദ്ര ദൗത്യം പൂർത്തിയായാലുടൻ സൗരദൗത്യത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകം ആദിത്യ-എൽ1 വിക്ഷേപണത്തിന് സജ്ജമായിക്കഴിഞ്ഞുവെന്നാണ് ഇസ്രോ തിങ്കളാഴ്ച എക്സ് പ്ലാറ്റ്ഫോം വഴി(ട്വിറ്റർ) വ്യക്തമാക്കിയത്.
യു.ആർ റാവു സാറ്റലൈറ്റ് കേന്ദ്രത്തിൽ നിർമിച്ച ശ്രീഹരിക്കോട്ടയിലെ സ്പേസ്പോർട്ടിൽ എത്തിക്കഴിഞ്ഞു. സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആദിത്യ-എൽ1 വിക്ഷേപണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇസ്രൊ അധികൃതർ പറയുന്നു.
ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലാഗ്റേഞ്ച് പോയിന്‍റുകളിൽ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്‍റ്.
ഗ്രഹണം അടക്കമുള്ള തടസ്സങ്ങൾ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാൻ ഈ പോയിന്‍റിലെത്തുന്നതോടെ സാധിക്കുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ. സൂര്യനെയും അതു മൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാൻ കഴിയും.
ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്‍റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്റ്ററുകൾ വഴി നിരീക്ഷിക്കുന്നതിനായി ഏഴ് പേലോഡുകൾ പേടകത്തിലുണ്ടായിരിക്കും. ഇതിൽ നാല് പേലോഡുകൾ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും.
കോറോണൽ ഹീറ്റിങ്ങ് മൂലമുള്ള പ്രശ്നങ്ങൾ, കൊറോണൽ മാസ് ഇജക്ഷൻ, പ്രി-ഫ്ലെയർ, ഫ്ലെയർ പ്രവർത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്സ് എന്നിവയെക്കുറിച്ചെല്ലാം നിർണായകമായ വിവരങ്ങൾ ശേഖരിക്കാൻ സൗരദൗത്യത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.