ചങ്ങനാശ്ശേരി: നഗരസഭയിൽ എൽ.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര അംഗം ബീന ജോബി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ബീന ജോബിക്ക് 19 വോട്ടും എതിർ സ്ഥാനാർഥി യു.ഡി.എഫിലെ ഷൈനി ഷാജിക്ക് 14വോട്ടും ലഭിച്ചു.
നഗരസഭ ഉപാധ്യക്ഷൻ ബെന്നി ജോസഫിന്റെ വോട്ട് അസാധുവായി. ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ജൂലൈ 27 നാണ് യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്.
യു.ഡി.എഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രാംഗം ബീന ജോബിയെ കൂടാതെ രണ്ട് കോൺഗ്രസ് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്‌തിരുന്നു.

യു.ഡി.എഫിന് നാല് സ്വതന്ത്രർ ഉൾപ്പെടെ പതിനെട്ടും എൽ.ഡി.എഫിന് പതിനാറും ബി.ജെ.പിക്ക് മൂന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്.
ഇതിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന സ്വതന്ത്രാംഗം ബീന ജോബി യു.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ച് എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടിരുന്നു.
ബീനയെ കൂടാതെ, കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17ആം വാർഡ് അംഗവുമായ രാജു ചാക്കോ, 33ആം വാർഡ് അംഗവും കോൺഗ്രസ്സ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവരും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്നു.