Timely news thodupuzha

കശ്മീരും അരുണാചൽ പ്രദേശും തർക്ക മേഖലയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു, പ്രബീറിനെതിരേ ആരോപണവുമായി ഡൽഹി പൊലീസ്

ന്യൂഡൽഹി: കശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടെ ഭാഗമല്ലെന്നും തർക്ക മേഖലയെന്നും വരുത്തി തീർക്കാൻ ന്യൂസ് ക്ലിക് എഡിറ്റർ പ്രബീർ പുരകായസ്ത ശ്രമിച്ചതായി ഡൽഹി പൊലീസ്. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത പ്രബീറിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഡൽഹി പൊലീസ് എഫ്.ഐ.ആറിലുള്ളത്.

പ്രബീർ എഴു ദിവസത്തെ റിമാൻഡിൽ ആണിപ്പോൾ. ചൈനീസ് പ്രോപ്പഗാണ്ട പ്രചരിപ്പിക്കുന്നതിനായി യു.എസിൽ നിന്നുള്ള ശതകോടീശ്വരനിൽ നിന്ന് പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രബീറിനെ അറസ്റ്റ് ചെയ്തത്.

ന്യൂസ് ക്ലിക്കിൻറെ എച്ച്.ആർ ഹെഡ് അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്ത പൊലീസ് ഡൽഹിയിലെ ന്യൂസ് ക്ലിക്ക് ഓഫിസ് അടച്ചു പൂട്ടി. കശ്മീരും അരുണാചലും ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തി തീർക്കണമെന്ന് വ്യക്തമാക്കി കൊണ്ടുള്ള മെയിലുകൾ ചൈനീസ് മാധ്യമങ്ങളുമായി അടുത്ത ബന്ധമുള്ള നെവിൽ റോയ് സിംഗം, സിംഗത്തിൻറെ ചൈനയിലെ ഓഫിസിലുള്ള ജീവനക്കാർ എന്നിവർ പ്രബീറിന് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കശ്മീരില്ലാത്ത ഇന്ത്യാ ഭൂപടം നിർമിക്കാനും അരുണാചൽ പ്രദേശ് തർക്കഭൂമിയായി നില നിർത്താനും ഇവർ നേരിട്ടുള്ള സംബർക്കത്തിലൂടെ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ്.

ആഗോളതലത്തിലും ഇന്ത്യക്കുള്ളിലും കശ്മീറും അരുണാചലും ഇന്ത്യയുടേതല്ലെന്നും തർക്കത്തിലിരിക്കുന്ന പ്രദേശമാണെന്നും വരുത്തിത്തീർക്കാൻ ഇവർ ശ്രമിച്ചിരുന്നുവെന്നും എഫ്.ഐ.ആറിലുണ്ട്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാനാണ് ശ്രമിച്ചതെന്നും പൊലീസ്.

പ്രബീറിനും സഹപ്രവർത്തകർക്കും 115 കോടിയോളം രൂപയുടെ വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ട്. ന്യൂസ് ക്ലിക്കിൻറെ ഷെയർ ഹോൾഡർമാരിൽ ഒരാളായ ഗൗതം നവ്‌ലാഖ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളാണെന്നും പൊലീസ് ആരോപിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *