കൊച്ചി: ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കേരള സ്റ്റേറ്റ് ഒർഗാൻ റ്റിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ(K-SOTO) അംഗീകാരം ലഭിച്ചതോടെ രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്ഥാനത്ത് അവയവ മാറ്റിവക്കൽ ശസ്ത്രക്രിയ അംഗീകാരം നൽകുന്ന സർക്കാർ സംവിധാനമാണ് K SOTO.
രക്ത ബന്ധമുള്ള വൃക്കദാതാക്കളെയാണ് പ്രധാനമായും ഈ പരിപാടിയിലൂടെ വൃക്ക മാറ്റിവക്കുന്നതിനായി ലക്ഷ്യമിട്ടിട്ടുള്ളത്. കെടാവർ ട്രാൻസ്പ്ലാന്റ് ഉൾപ്പെടെ മറ്റുതരത്തിലുള്ള ദാതാക്കളെയും പരിഗണിക്കും.
രജിസ്ട്രേഷൻ താല്പര്യമുള്ളവർ കോ ഓഡനേറ്ററെ ബന്ധപ്പെടുക. ഫോൺ നമ്പർ: 8891924136. നെഫ്രോളജി വിഭാഗത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ട്രാൻസ്പ്ലാന്റേഷൻ ഒപി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ ആശുപ്രതി സൂപ്രണ്ട് ഡോ ഷാഹിർഷാ അറിയിച്ചു.
കേരളത്തിൽ സർക്കാർ മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ സ്ഥാപനമാണ് എറണാകുളം ജനറൽ ആശുപത്രി. ആരോഗ്യവകുപ്പിന്റെ കീഴിൽ ആദ്യത്തെ സ്ഥാപനവും ആണ്.
പദ്ധതി നേതൃത്വം നൽകുന്നത് യൂറോളജി വിഭാഗം മേധാവി ഡോ. അനൂപ് കൃഷ്ണൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ. സന്ദീപ് ഷേണായി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വി. മധു എന്നിവർ ചേർന്നാണ്. KASP സൗകര്യമുള്ളവർക്ക് അതിലൂടെ സൗജന്യ ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആശുപ്രതി സൂപ്രണ്ട് അറിയിച്ചു.