Timely news thodupuzha

പൗരോഹിത്യ ജൂബിലി ആഘോഷം

തൊടുപുഴ: പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പൂർത്തിയാക്കി നെടിയശാല പള്ളി(മരിയൻ തീർത്ഥാടന കേന്ദ്രം) വികാരി ഫാ.ജോൺ ആനിക്കോട്ടിൽ. ആഘോഷം കഞ്ഞിക്കുഴി പള്ളി, എഴുകുംവയൽ കുരിശ്, നിരവധി സ്കൂൾ കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ മുൻകൈയ്യടുത്ത അച്ഛന്റെ പൗരോഹിത്യ ജൂബിലി ആഘോഷം 11ന് നെടിയശാലയിൽ വച്ച് നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന കൃത‍ജ്ഞതാ ബലിയിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സന്ദേശം നൽകും.

തുടർന്ന് സ്വീകരണ യോ​ഗം ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തൊടപുഴ എം.എൽ.എ പി.ജെ.ജോസഫ് അധ്യക്ഷത വഹിക്കും. മാർ ജോർജ് പുന്നക്കോട്ടിൽ അനു​ഗ്രഹ പ്രഭാഷണവും ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണവും നടത്തും.

1973 ‍ഡിസംബർ 24ന് മാർ മാത്യു പോത്തനാമുഴിയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ച് ആരക്കുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരി ആയിട്ടാണ് അദ്ദേഹം സേവനം ആരംഭിച്ചത്. പിന്നീട് കാളിയാർ കണ്ടം മങ്കുവ, കല്ലാർകുട്ടി, നാരകക്കാനം, ഇടുക്കി, രമ്ടാർ, കഞ്ഞിക്കുഴി, രാജകുമാരി, എഴുകുംവയൽ, മുവാറ്റുപുഴ, തഴുവംകുന്ന്, കാളിയാർ തുടങ്ങിയ ഇടവകകളിൽ ശുശ്രൂഷ ചെയ്തു. ഇപ്പോൾ നെടിയശാലയിൽ ജൂബിലി ആഘോഷിക്കുന്നു.

33 വർഷം ഹൈറേഞ്ച് മേഖലയിലായിരുന്നു സേവനം. ദൈവജനത്തിന്റെ ആത്മീയവും ഭൗതീകവുമായ വളർച്ചയ്ക്ക് ഒപ്പം നാടിന്റെ വളർച്ചയ്ക്കു വേണ്ടിയും പ്രവർത്തിച്ച ജോണച്ചൻ സാധുക്കൾക്ക് ഉദാരമതിയായ സുഹൃത്താണ്. വാഴക്കുളം ആനിക്കോട്ടിൽ ജോസഫ് – അന്നക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ് ജോണച്ചൻ. ഏഴു സഹോദരങ്ങളുണ്ട്. ബാല്യം അമ്മവീടായ മുതലക്കോടം മാളിയേക്കൽ വീട്ടിലായിരുന്നു. കോതമം​ഗലം മൈനർ സെമിനാരിയിലും ആലുവ പൊന്തിഫിക്കൽ സെമിനാരിയിലുമായിരുന്നു വൈദിക പഠനം.

പൗരോഹിത്യം ആഘോഷിച്ചു ജീവിക്കുന്ന ആളെന്ന് സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്ന ജോണച്ചൻ പ്രാർത്ഥന, വായന – പഠനം, സാധുജന സേവനം, സ്വദേശ – വിദേശ യാത്രകൾ, ആഘോഷങ്ങൾ എന്നിവയിൽ സന്തോഷവും ആനന്ദവും കണ്ടെത്തുന്ന വ്യക്തിയാണ്.

11ന് നടക്കുന്ന ചടങ്ങിൽ കേതമം​ഗലം – ഇടുക്കി വികാരി ജനറൽമാർ ജൂബിലേറിയനെ ആദരിക്കും. സാമൂഹ്യ – സാംസ്കാരിക – രാഷ്ട്രീയ തലങ്ങളിലെ പ്രമുഖ വ്യക്തികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേരും. കൺവീനർ ഫാ.പോൾസൺ മാറാട്ടിൽ സ്വാ​ഗതവും കൗൺസിൽ സെക്രട്ടറി ജോസഫ് മൂലശ്ശേരി നന്ദിയും പറയും. അതിനുശേഷം സ്നേഹ വിരുന്നോടെ യോ​ഗം സമാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *