Timely news thodupuzha

കേരളവർമ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്; രേഖകളുടെ അസ്സൽ പകർപ്പ്‌ വെള്ളിയാഴ്‌ച ഹാജരാക്കാൻ ഹൈക്കോടതി

കൊച്ചി: തൃശൂർ കേരളവർമ കോളേജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സൽ പകർപ്പ്‌ വെള്ളിയാഴ്‌ച ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. കോടതി നിർദേശമനുസരിച്ച്‌ രേഖകളുടെ പകർപ്പ്‌ വ്യാഴാഴ്‌ച ഹാജരാക്കിയപ്പോഴാണ്‌ അസ്സൽ പകർപ്പ്‌ ഹാജരാക്കാൻ നിർദേശിച്ചത്‌.

കോളേജ്‌ യൂണിയൻ ചെയർമാൻസ്ഥാനത്തേക്ക്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും നിലവിലുള്ള തെരഞ്ഞെടുപ്പ്‌ സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥി എസ്‌ ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ ടി ആർ രവിയുടെ നിർദേശം.

നവംബർ ഒന്നിന്‌ നടന്ന തെരഞ്ഞെടുപ്പിൽ ശ്രീക്കുട്ടൻ ഒരുവോട്ടിന് വിജയിച്ചതായി ആദ്യം പ്രഖ്യാപിച്ചെങ്കിലും റീ കൗണ്ടിങ് നടത്തി പരാജയപ്പെടുത്തി എന്നാണ്‌ ഹർജിയിലെ ആരോപണം.

റീ കൗണ്ടിങ്ങിൽ ബാഹ്യ ഇടപെടൽനടന്നെന്നും സാധുവല്ലാത്ത വോട്ടുകൾ എണ്ണിയെന്നും ആരോപിക്കുന്നു. കലിക്കറ്റ്‌ സർവകലാശാലയുടെ ബൈലോ അനുസരിച്ച്‌ തെരഞ്ഞെടുപ്പ്‌ നടപടി പൂർത്തിയായശേഷമുള്ള പരാതികളിൽ പരിഹാരംതേടി വൈസ്‌ ചാൻസലറെയാണ്‌ ആദ്യം സമീപിക്കേണ്ടത്‌. ഏഴു ദിവസത്തിനുള്ളിൽ പരാതി നൽകണം.

എന്നാൽ, ഹർജിക്കാർ നേരിട്ട്‌ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരിട്ട്‌ ഹൈക്കോടതിയെ സമീപിക്കാൻ കാരണമോ സാഹചര്യമോ ഹർജിക്കാർ വ്യക്തമാക്കിയില്ലെന്നും ഹർജി നിലനിൽക്കില്ലെന്നും കോളേജ്‌ അധികൃതർ വ്യക്തമാക്കി.

ആദ്യം കൗണ്ടിങ്ങിൽ അസാധുവായ വോട്ടുകൾ റീ കൗണ്ടിങ്ങിൽ സാധുവായതെങ്ങിനെയെന്നും റീകൗണ്ടിങ്‌ റിട്ടേണിങ്‌ ഓഫീസർക്ക് തീരുമാനിക്കാമെന്നിരിക്കെ കോർ കമ്മിറ്റി ഉണ്ടാക്കിയത്‌ എന്തിനെന്നും കോടതി ആരാഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *