വത്തിക്കാൻ സിറ്റി: ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് മാമോദീസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ. മാമോദീസ സ്വീകരിക്കുന്നതിനും തലതൊട്ടപ്പനും തലതൊട്ടമ്മയുമാകുന്നതിനും വിവാഹങ്ങളിൽ സാക്ഷിയാകുന്നതിനും തടസമില്ലെന്ന് വിശ്വാസ കാര്യങ്ങൾക്കായുള്ള തിരുസംഘം അറിയിച്ചു.
ബ്രസീലിലെ സാന്റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് കത്തോലിക്ക സഭ ഇക്കാര്യത്തെ അറിയിച്ചത്. സ്വവർഗ വിവാഹം ചെയ്തവർ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനേയും വാടക ഗർഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നതിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക്, കത്തോലിക്കാ വിശ്വാസത്തിൽ വളർത്തുന്ന പക്ഷം അതിൽ തെറ്റില്ലെന്ന് സഭ മറുപടി നല്‍കി. ട്രാൻസ്ജെൻഡർ വിഭാഗത്തിലുളളവർക്ക് മാമോദീസ നൽകാൻ സാധിക്കുമോയെന്ന ചോദ്യത്തിന് ചില മാനദണ്ഡങ്ങളോടെ കഴിയുമെന്ന് കഴിഞ്ഞ മാസം 31 ന് മാർപാപ്പ അംഗീകരിച്ച രേഖയിൽ പറയുന്നു.
ട്രാൻസ്ജെൻഡർ വിഭാഗത്തിലുളളവർക്ക് അതാത് പള്ളികളിലെ പുരോഹിതരുടെ വിവേചനാധികാരത്തിൽ തലതൊട്ടപ്പനും തലതൊട്ടമ്മയുമാകം. എന്നാൽ പുരോഹിതൻ ഇതിൽ വിവേക പൂർണ്ണമായ തീരുമാനം സ്വീകരിക്കണമെന്നും സഭ വ്യക്തമാക്കി.
സഭയുടെ തീരുമാനത്തിൽ നിരവധി കോണുകളിൽ നിന്ന് അഭിനന്ദനങൾ വരുന്നുണ്ട്. കത്തോലിക്ക സഭയുടെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ഫാ. ജെയിംസ് മാർട്ടിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.