ചെന്നൈ: തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച് ഗവർണർ ആർ.എൻ രവി നവംബർ 18ന് നിയമസഭ ചേർന്ന് വീണ്ടും പാസ്സാക്കിയ 10 ബില്ലുകളാണ് ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.
ബില്ലുകൾക്ക് അംഗീകാരം നൽകാത്ത ഗവർണറുടെ നടപടിക്കെതിരെ ഡി.എം.കെ സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ആർ.എൻ രവിയുടെ നീക്കം.
രണ്ടാമതും നിയമസഭ പാസ്സാക്കി അയച്ച ബില്ലുകളിൽ ഗവർണറുടെ നടപടി ഉറ്റുനോക്കുകയാണെന്ന് കഴിഞ്ഞദിവസം ഹർജി പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ബിൽ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയെ വിമർശിച്ച് സംസ്ഥാന നിയമ മന്ത്രി രംഗത്തെത്തി. ഗവർണറുടെ നടപടി വൈകിപ്പിക്കൽ തന്ത്രമെന്ന് മന്ത്രി എസ് രഘുപതി കുറ്റപ്പെടുത്തി.
നേരത്തെ കേരള ഗവർണറും സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ തലേന്ന് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചിരുന്നു.