ചെന്നൈ: മിചൗങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ തീവ്രമഴ തുടരുകയാണ്. ചെന്നൈ നഗരത്തിൽ വിവിധയിടങ്ങളിൾ രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയോടെ മിചൗങ് ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നതിനാൽ കൂടുതൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മുൻകരുതലായി ചെന്നൈ അടക്കമുള്ള ആറ് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.
സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ചെന്നൈയിൽ നിർമ്മാണത്തിലിരിക്കുന്ന മതിൽ തകർന്ന് രണ്ട് പേർ മരിച്ചു, 10 അന്താരാഷ്ട്ര വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.
ചെന്നൈയിൽ നിന്നുമുള്ള 20 ഓളം വിമാനങ്ങൾ റദ്ദാക്കി. 23 വിമാനങ്ങൾ വൈകും. ട്രെയിൻ ഗതാഗതവും നിലച്ചു. 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ കൂടി കടന്നുപോകുന്ന 35 സർവീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.
കനത്ത മഴയിൽ സ്ബ് വേകളും അടിപ്പാലങ്ങളും മുങ്ങി. നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി. വഴിയോരങ്ങളിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്.
ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടയിലാണ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു.





