കൊച്ചി: കിഫ്ബി മസാല ബോണ്ടിൽ സമൻസ് അയയ്ക്കാൻ ഇ.ഡിക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തോമസ് ഐസകും കിഫ്ബിയുമാണ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയത്. കിഫ്ബിക്ക് വേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് ഹാജരാകും.
ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ ഐസകിന് സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയത്.
എന്നാൽ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ വാദം. സമൻസ് അയക്കാനുള്ള സിംഗിൾ ബെഞ്ച് അനുമതി കാരണങ്ങളില്ലാതെയാണ്. ഇഡിയുടെ സമൻസിൽ എന്തിനാണ് തന്നോട് ചില ഡോക്യുമന്റുകൾ ആവശ്യപ്പട്ടെതെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നും തന്റെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നത് എന്തിനാണെന്ന് അറിയില്ല.
അതിനാൽ സമൻസ് നിയമവിരുദ്ധമാണെന്നായിരുന്നു ഐസക് ഹൈക്കോടതിയെ അറിയിച്ചത്. തുടർന്ന് തോമസ് ഐസകിന് സമൻസ് അയക്കുന്നത് കോടതി തടഞ്ഞിരുന്നു.
ഇതോടൊപ്പം ഇ.ഡിക്ക് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു. എന്നാൽ സമൻസ് പുതക്കി അയക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തോമസ് ഐസകിന് പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയത്.






