ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകളുടെ വില കുറയും.കാന്‍സറിനെതിരായ 4 മരുന്നുകളാണ് പട്ടികയില്‍ ഉള്ളതില്‍. അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രസിദ്ധീകരിച്ചു.
അവശ്യമരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും. പുതുക്കിയ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ നിലവിലുണ്ടായിരുന്ന 43 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി, 47 എണ്ണം പുതുതായി ഉള്‍പ്പെടുത്തി.
അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നല്‍കിയിട്ടുള്ളൂ എന്നതിനാല്‍ കോവിഡ് മരുന്നുകള്‍ പട്ടികയില്‍ ഇല്ല. സാധാരണ ഗതിയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്നു പട്ടിക പുതുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധിക്കിടെ ഇതു നീണ്ടുപോവുകയായിരുന്നു.