പാലക്കാട്/ കണ്ണൂർ: ജില്ലകളിൽ തെരുവുനായ ആക്രമണം രൂക്ഷമായി കൊണ്ടിരിക്കുന്നു. പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തോട്ടരയിലും തെരുവുനായ ആക്രമണം. മൂന്ന് വിദ്യർത്ഥികളും അധ്യാപകനും ഉൾപ്പെടെ 6 പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പാലക്കാട് തോട്ടര സ്കൂളിലാണ് അധ്യാപകന് തെരുവുനായയുടെ കടിയേറ്റത്. സ്കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റ കെ.എ.ബാബു ചികിത്സ തേടി.
നെന്മാറയിൽ സ്കൂൾ വിദ്യാർത്ഥിക്കും തെരുവുനായയുടെ കടിയേറ്റു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്‍കൂളിന് മുമ്പിൽ വച്ചാണ് തെരുവുനായ ആക്രമിച്ചത്.
മേപ്പറമ്പിൽ 8 വയസുകാരിയെയാണ് നായ ആക്രമിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാരനായ വ്യക്തിക്കും കടിയേറ്റത്. 3 പേരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നെദ്ഹറുദ്ദീൻ എന്നയാൾക്കും മദ്രസാ വിദ്യാർത്ഥികളായ അലാന ഫാത്തിമ, റിഫ ഫാത്തിമ എന്നിവർക്കുമാണ് കടിയേറ്റത്. മദ്രസയിൽ പോയ കുട്ടികളെ നായ ആക്രമിച്ചത് കണ്ടപ്പോൾ രക്ഷിക്കാൻ പോയതായിരുന്നു നെദ്ഹറുദ്ദീൻ. ആക്രമിച്ചത് വളർത്തു നായ ആണെന്ന് നെദ്ഹറുദ്ദീൻ പറഞ്ഞു. നായയുടെ കഴുത്തിൽ ചങ്ങല ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിൽ തെരുവ് നായ്ക്കൾ കുറുകേ ചാടി വീണ്ടും അപകടം. കണ്ണൂർ ഇരിട്ടിയിലാണ് അപകടം ഉണ്ടായത് . ഓട്ടോയ്ക്ക് കുറുകേ ചാടിയതോടെ വാഹനം മറിഞ്ഞു. ഓട്ടോ ഡ്രൈവർ തോമസിനും യാത്രക്കാരായ 3 സ്ത്രീകൾക്കും പരിക്കേറ്റു. രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.