Timely news thodupuzha

മൈലപ്ര കൊലപാതകം: മൂന്നാം പ്രതിയും പിടിയിൽ

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും പിടിയിൽ. പത്തനംതിട്ട സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഹാരിബ് ആണ് പിടിയിലായിരിക്കുന്നത്.

കൊലപാതകത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

കൊലപാതകത്തിൽ മൂന്ന് പേരുണ്ടായിരുന്നെന്നും അതിലൊരാൾ മലയാളിയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നാം പ്രതി ഹാരിബിനെ പൊലീസ് പിടികൂടിയിരിക്കുന്നത്.

ഇരുവരെയും പത്തനംതിട്ടയിൽ എത്തിച്ചു. മോഷണത്തിനിടെയാണ് വ്യാപാരിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ പട്ടാപ്പകൽ സ്വന്തം കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൊല്ലപ്പെട്ട ജോർജ്ജിൻറെ കഴുത്തിൽ കിടന്ന 9 പവൻറെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികൾ കൊണ്ടുപോയത്. കഴുത്തുഞെരിച്ചു കൊല്ലാൻ ഉപയോഗിച്ച 2 കൈലി മുണ്ടുകളും ഷർട്ടും കണ്ടെടുത്തിരുന്നു.

വലിയ ആസൂത്രണം നടത്തിയാണ് പ്രതികൾ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കടയിലുണ്ടായിരുന്ന സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് ഉൾപ്പടെ പ്രതികൾ എടുത്തുകൊണ്ടുപോയി.

വ്യാപാരിയായ ജോർജ്ജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് മുന്നേ പ്രതികളെത്തി. റോഡരികിലുള്ള കടയിൽ നിന്ന് ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടി. വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *