തിരുവല്ല: നാലുദിവസം നീളുന്ന ആഗോള പ്രവാസി മലയാളി സംഗമമായ ‘മൈഗ്രേഷൻ കോൺക്ലേവ് 2024’ ഇന്ന് തുടങ്ങും. വൈകിട്ട് നാലിന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.
അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ചെയർമാൻ എസ് രാമചന്ദ്രൻപിള്ള അധ്യക്ഷനാകും. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. റ്റി.എം തോമസ് ഐസക് ആമുഖപ്രഭാഷണം നടത്തും.
75 രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും മൂവായിരം പ്രതിനിധികളും ഓൺലൈനായി ഒരു ലക്ഷത്തി ഇരുപതിനായിരം പേരും പങ്കെടുക്കും.
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജോസ് കെ മാണി എം.പി, മന്ത്രിമാർ, എം.എൽ.എമാർ എന്നിവർ ഉദ്ഘാടന യോഗത്തിൽ സംസാരിക്കും. തുടർന്ന് സ്റ്റീഫൻ ദേവസ്സി – ശിവമണി ടീമിന്റെ മെഗാ മ്യൂസിക് ഇവന്റും അരങ്ങേറും.
വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ പ്രവാസികളുടെ പങ്ക് എന്നതാണ് കോൺക്ലേവിന്റെ കേന്ദ്ര പ്രമേയമെന്ന് ഡോ. ടി എം തോമസ് ഐസക്, സംഘാടകസമിതി ചെയർമാൻ ബെന്യാമിൻ, ജനറൽ കൺവീനർ എ പത്മകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
15,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പന്തൽ പബ്ലിക് സ്റ്റേഡിയത്തിൽ ഒരുങ്ങി. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ തിരുവല്ല സെന്റ് ജോൺസ് ചർച്ച് ഹാൾ, സെന്റ് ജോൺസ് കത്തീഡ്രൽ ഓഡിറ്റോറിയം, ശാന്തിനിലയം, തിരുവല്ല ഗവൺമെന്റ് എംപ്ലോയിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, മാർത്തോമാ കോളേജ് എന്നിങ്ങനെ അഞ്ച് വേദികളിലായി മൈഗ്രേഷൻ കോൺക്ലേവ് നടക്കും.
ബുധനാഴ്ച രാവിലെ വരെ 1,20,607 പേർ രജിസ്റ്റർ ചെയ്തു. 19ന് രാവിലെ വരെ www.migrationconclave.com വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. ജോയിന്റ് കൺവീനർ റോഷൻ റോയ് മാത്യു, റാണി ആർ നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.






