Timely news thodupuzha

ശാന്തൻപാറയിൽ സി പി എം ഏരിയാ കമ്മിറ്റി ഓഫിസിന്‍റെ അനധികൃത സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി

ഇടുക്കി: ശാന്തൻപാറയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിന്‍റെ അനധികൃത സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി. പാർട്ടി പ്രവർത്തകർ തന്നെയാണ് ഭിത്തി പൊളിച്ചു നീക്കിയത്.

48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശം വച്ചെന്നും 12 ചതുരശ്ര മീറ്റർ വരുന്ന പട്ടയമില്ലാത്ത പ്രദേശത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്നും അടുത്തിടെ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു.

ഗാർഹികേതര കെട്ടിട നിർമാണമാണെന്ന് വ്യക്തമായതിനെ തുടർന്ന് നിർമാണത്തിനുള്ള എൻ‌ഒസി അപേക്ഷ കലക്റ്റർ നിരസിച്ചിരുന്നു. അതേ തുടർന്നാണ് അനധികൃതമായി നിർമിച്ച ഭിത്തി പൊളിച്ചു മാറ്റിയത്.

ഭിത്തി പൊളിച്ചു മാറ്റിയതോടെ നിയമലംഘനം ഇല്ലാതായെന്നും ഇനി എൻഒസിക്കായി വീണ്ടും അപേക്ഷ സമർപ്പിക്കുമെന്നും സിപിഎം വ്യക്തമാക്കി. എൻഒസി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

റവന്യു വകുപ്പിന്‍റെ എൻഒസി ലഭിച്ചിട്ടില്ലാത്തതിനാൽ ശാന്തൻപാറയിലെ ഓഫിസ് നിർമാണം നിർത്തി വക്കാൻ ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അതിനു ശേഷവും സിപിഎം നിർമാണ പ്രവർ‌ത്തനങ്ങളുമായി മുന്നോട്ടു പോയി.

ഇതേ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരേ കോടതി അലക്ഷ്യ നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ കെട്ടിടം ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *