തിരുവനന്തപുരം: വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകളും അങ്കണവാടികളും വഴി കുട്ടികൾക്ക് വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക നൽകി വരുന്നു. ഈ വർഷം ഫെബ്രുവരി 8നാണ് വിരവിമുക്ത ദിനമായി ആചരിക്കുന്നത്. ആ ദിവസം സ്കൂളുകളിലെത്തുന്ന കുട്ടികൾക്ക് അവിടെ നിന്നും സ്കൂളുകളിലെത്താത്ത 1 മുതൽ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴിയും ഗുളിക നൽകുന്നതാണ്. എന്തെങ്കിലും കാരണത്താൽ ഫെബ്രുവരി 8ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ഫെബ്രുവരി 15ന് ഗുളിക നൽകുന്നതാണ്. എല്ലാവരും കുട്ടികൾക്ക് വിര നശീകരണ ഗുളിക നൽകിയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ 14 വയസ്സ് വരെയുള്ള 64% കുട്ടികളിൽ വിരബാധയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് വിര നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ഈ വർഷം 1 മുതൽ 19 വയസ് വരെയുള്ള 77,44,054 കുട്ടികൾക്ക് ഗുളിക നൽകുവാനാണ് ലക്ഷ്യമിടുന്നത്. 1 മുതൽ 2 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അര ഗുളികയും (200 മി.ഗ്രാം) 2 മുതൽ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു ഗുളികയും (400 മി.ഗ്രാം) ആണ് നൽകുന്നത്. ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളത്തിൽ ഗുളിക അലിയിച്ച് നൽകണം. മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികൾക്ക് ഗുളിക നൽകേണ്ടതില്ല. ഗുളിക കഴിച്ചതിന് ശേഷം സാധാരണയായി ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല. എന്നാൽ വിരയുടെ തോത് കൂടുതലുള്ള കുട്ടികളിൽ ഗുളിക കഴിക്കുമ്പോൾ അപൂർവമായി വയറുവേദന, ഛർദ്ദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയവ ഉണ്ടായേക്കാം.
ജില്ലാ ഭരണകൂടം, തദ്ദേശസ്വയം ഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവർഗ വികസനം തുടങ്ങിയ വകുപ്പുകൾ, ജനപ്രതിനിധികൾ എന്നിവരുമായി സംയോജിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്കാവശ്യമായ ആൽബൻഡസോൾ ഗുളിക എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്.