ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴ ചുമത്തി ബ്രിട്ടിഷ് പൊലീസ്. പുതിയ ലെവൽ അപ്പ് ക്യാമ്പയിനെ പറ്റി റിഷി സുനക് തന്നെ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ വൈറലായതോടെയാണ് ബ്രിട്ടീഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴയിട്ടത്.
കാറിൻറെ പിൻ സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന റിഷി സുനക് സീറ്റ് ബെൽറ്റ് ഊരി വീഡിയോ ചിത്രീകരിക്കുകയും ആ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെതിരെ വിമർശനം ഉയരുകയും ചെയ്തു. പിന്നാലെ ബ്രിട്ടിഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തുകയായിരുന്നു. സംഭവത്തിൽ റിഷി സുനക് ഖേദം പ്രകടിപ്പിച്ചു. പിഴ അടക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. മുമ്പ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് റിഷി സുനക് വിമർശന വിധേയനായിരുന്നു. ഇപ്പോൾ വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയാണ് റിഷി സുനക് സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തത്.