Timely news thodupuzha

logo

മേയർക്കു നേരെ അസ്ലീല ആം​ഗ്യം കാണിച്ച സംഭവം; സി.സി.റ്റി.വി മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മേയർ‌ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവറും തമ്മിൽ റോഡിൽ ഉണ്ടായ തർക്കത്തിൽ ബസിലെ സി.സി.റ്റി.വി മെമ്മറി കാർഡ് കാണാതായതിൽ കേസെടുത്തു.

കെ.എസ്.ആർ.റ്റി.സി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌. നിർണായക തെളിവായ ബസിലെ സി.സി.റ്റി.വിയുടെ മെമ്മറി കാർഡ് കാണാതായതിൽ അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ കെ.എസ്.ആർ.റ്റി.സി എം.ഡിക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ അറിയിച്ചതിനു പിന്നാലെയാണ് കെ.എസ്.ആർ.റ്റി.സി പരാതി നൽകയത്.

ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്.

കെ.എസ്.ആർ.റ്റി.സി ബസിൽ നടത്തിയ പരിശോധനയിലാണ് സിസിടിവിയിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പൊലീസ് കണ്ടെത്തിയത്.

ബസിലെ കാമറ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവർ യദുവിൻ്റെ പ്രതികരണം.

എന്നാൽ തെളിവ് ശേഖരിക്കുന്നെത്തിയപ്പോൾ ദൃശ്യങ്ങളില്ല. തൃശൂരിലേക്ക് ട്രിപ്പ് പോയ ശേഷം ബസ് ഇന്നു തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് കാണാനില്ലെന്ന് മനസിലാക്കുന്നത്.

കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാൻ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നൽകിയിരുന്നു.

തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവർടേക്ക് ചെയ്തിരുന്നോയെന്ന കാര്യത്തിലും സി.സി.റ്റി.വിയിലെ ദൃശ്യങ്ങൾ നിർണായകമാകും.

ബസിലെ യാത്രക്കാരുടെ പട്ടിക കെ.എസ്.ആർ.റ്റി.സി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

Leave a Comment

Your email address will not be published. Required fields are marked *