ന്യൂഡൽഹി: ഗൂഗിളിൻറെ ആൻഡ്രോയിഡ് ഒഎസിനും ആപ്പിളിൻറെ ഐഒഎസിനും പകരമായി സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കാൻ ഇന്ത്യയ്ക്കും ഇനി സ്വന്തം വികസിപ്പിച്ച മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം. മദ്രാസ് ഐഐടി വികസിപ്പിച്ച ഭരോസ് (BharOS) എന്ന ഓപ്പറേറ്റിങ് സിസ്റ്റം കേന്ദ്ര ഐടി മന്ത്രി ധർമേന്ദ്ര പ്രധാൻ പരീക്ഷിച്ചു. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുത്ത ചടങ്ങിലായിരുന്നു പരീക്ഷണം.
സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന സിസ്റ്റമാണിതെന്നു പറഞ്ഞ മന്ത്രി ധർമേന്ദ്ര പ്രധാൻ ഭരോസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിച്ചു. ശക്തവും ആശ്രയിക്കാവുന്നതും സ്വയം പര്യാപ്തവും തദ്ദേശീയവമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ പ്രധാന ഗുണഭോക്താക്കൾ രാജ്യത്തെ പാവപ്പെട്ടവരാണെന്നും മന്ത്രി. എട്ട് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അദ്ദേഹത്തെ പരിഹസിച്ചു. എന്നാൽ ഇന്ന് എല്ലാവരും ആ ലക്ഷ്യം അംഗീകരിക്കുകയാണെന്നും മന്ത്രി പ്രധാൻ. ഈ സംവിധാനം വിജയിക്കാൻ ആഗ്രഹിക്കാത്ത നിരവധിയാളുകൾ ചുറ്റിലും വെല്ലുവിളി സൃഷ്ടിക്കാനുണ്ടാവുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഊന്നൽ നൽകി കേന്ദ്ര സർക്കാരിൻറെ സാമ്പത്തിക പിന്തുണയോടെയാണ് ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമായ ഭരോസ്.
മദ്രാസ് ഐഐടി വികസിപ്പിച്ചതും അവതരിപ്പിച്ചതും. പ്രധാനമായും സർക്കാർ, പൊതുമേഖലാ സംവിധാനങ്ങളിലുപയോഗിക്കുകയാണു ലക്ഷ്യം. വിദേശ നിർമിത ഓപ്പറേറ്റിങ് സിസ്റ്റവും സ്മാർട്ഫോണുകളും ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയ്ക്ക് പ്രചാരം നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. തത്കാലം ജനങ്ങൾക്ക് ഈ സേവനം ലഭ്യമല്ല. അതീവ സ്വകാര്യതയും സുരക്ഷയും ആവശ്യമായി വരുന്ന സ്ഥാപനങ്ങൾക്കും അതീവ രഹസ്യാത്മകതയുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്നവരും നിയന്ത്രിത ആപ്പുകൾ വഴി രഹസ്യ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നവരുമായ ഉപയോക്താക്കൾക്കുമാകും ഭരോസിൻറെ സേവമം. ഇവർക്ക് സ്വകാര്യ 5ജി നെറ്റ് വർക്കിൽ പ്രൈവറ്റ് ക്ലൗഡ് സർവീസ് ആക്സസ് ഉണ്ടായിരിക്കണം. മദ്രാസ് ഐഐടിയുടെ പ്രവർത്തക് ടെക്നോളജീസ് ഫൗണ്ടേഷന് കീഴിൽ തുടക്കമിട്ട ജാൻഡ് കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഭരോസ് വികസിപ്പിച്ചത്. എന്നാൽ, ഏതൊക്കെ സ്മാർട്ട് ഫോണുകളിൽ ഭരോസ് ഉപയോഗിക്കാനാകുമെന്നതടക്കം വിശദാംശങ്ങൾ ലഭ്യമല്ല. ഭാവിയിൽ രാജ്യത്ത് പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകൾ ഭരോസിനു കൂടി യോജിച്ചതായേക്കുമെന്നു കരുതുന്നു.