വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ 2 പേർക്ക് പരിക്ക്. വയനാട് ചേകാടിയിൽ വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പിതാവിൻറെ മൃതദേഹം മറവു ചെയ്യുന്നതിനായി കാടിനുള്ളിലെ സ്മശാനത്തിലെത്തിയപ്പോഴായിരുന്നു സംഭവം. മൃതദേഹം മറവുചെയ്യുന്നതിൻറെ ഭാഗമായി കുഴിയെടുക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ മരിച്ചതിനു പിന്നാലെയാണ് വയനാട്ടിലും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശി ശക്‌തിവേലാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എസ്റ്റേറ്റിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനയെ ഓടിക്കുന്നതിൻറെ ഭാഗമായി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ആനയെ ഓടിക്കാൻ പോയ ശക്തി വേലിനെ കാണാതായി തിരക്കിയപ്പോഴാണ് തേയിലത്തോട്ടത്തിനിടയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.