ഇടുക്കി: മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിൽ സന്തോഷമുള്ളവരായി കഴിയുകയെന്നതാവണം ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശരി പറഞ്ഞു.

തദ്ദേശിയ ജനതയുടെ അന്തർദേശീയ ദിനാഘോഷം ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.
സ്നേഹവും അറിവും എത്ര നൽകിയാലും മതിയാവില്ല.പരിധികളില്ലാത്തതാണവ. സ്നേഹമുള്ളവരും സന്തോഷമുള്ളവരുമായി കഴിയാൻ സാധിക്കണമെന്നും പഠിച്ച് മിടുക്കരാവണമെന്നും കളക്ടർ പറഞ്ഞു. കുഞ്ഞുങ്ങളുമായി കുശലം പങ്കിട്ട കളക്ടർ അവരോടൊപ്പം നിന്ന് ഫോട്ടോയുമെടുത്തു. ഓണാവധിക്കാലത്ത് തദ്ദേശീയമായ അറിവുകൾ സമാഹരിച്ച് ക്രോഡീകരിക്കാനും വി വിഘനേശ്വരി കുട്ടികൾക്ക് നിർദ്ദേശം നൽകി.
പി.ടി.എ പ്രസിഡന്റ് രമേശ് ഗോപാലൻ അധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസർ ജി അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശാ ആന്റണി മുഖ്യാതിഥിയായി. സാഹിത്യകാരി എസ് പുഷ്പമ്മ , പൂർവ്വ വിദ്യാർത്ഥിനികളായ കെ ജി ഗോപിക, ഡോ. കെ ദിവ്യാ റാണി എന്നിവരെ ആദരിച്ചു.
2023 – 2024 അധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിജയം കൈവരിച്ച പെൺകുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം കാനറ ബാങ്ക്ചെറുതോണി ബ്രാഞ്ച് മാനേജർ ആൽബർട്ട് റ്റി സെബാസ്റ്റ്യൻ നിർവ്വഹിച്ചു.
സ്കൂൾ പ്രധാന അധ്യാപിക ചുമതല വഹിക്കുന്ന ദിവ്യാ ജോർജ്ജ്, എം.പി.ടി.എ പ്രസിഡൻ്റ് സീന പ്രദീപ്, സ്കൂൾ മാനേജർ അന്നമ്മ ജോർജ്ജ്, അധ്യാപിക എം.ജെ ഷാന്റ്റി, സീനിയർ സൂപ്രന്റ് വൈ അനി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ നിയന്ത്രണത്തിൽ 2001 ജൂൺ 22ന് ആരംഭിച്ച ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിലവിൽ 336 കുട്ടികളാണുള്ളത്.
ആറാം തരം മുതലാണ് പ്രവേശനം. 2023 – 2024 അധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 43 പേരും വിജയിച്ചിട്ടുണ്ട്. ആദ്യ ബാച്ച് മുതൽ എല്ലാ എസ്.എസ്.എൽ.സി ബാച്ചുകളിലും 100 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. പ്ലസ് റ്റു എഴുതിയ 36 പേരിൽ 30 പേർ വിജിയിച്ചു. സേ പരീക്ഷ എഴുതിയ ആറ് വിദ്യാർത്ഥികളിൽ നാല് പേർ വിജയിച്ചു.
സ്കൂളിൽ നിലവിൽ സ്കൂൾ ബിൽഡിംഗ്, ഡോർമിറ്ററി ബിൽഡിംഗ്, മെസ് ബ്ലോക്ക്, ലൈബ്രറി ബ്ലോക്ക്, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് എന്നിവയുണ്ട്. ഹയർ സെക്കൻഡറി ബ്ലോക്ക് നിർമ്മാണം പൂർത്തിയായിവരുന്നു. കളിസ്ഥലം, ഫിറ്റ്നെസ് സെൻ്റർ ലൈബ്രറി, ലാബ് സൌകര്യങ്ങൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.






