ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ നികുതി 12ൽ നിന്ന് അഞ്ച് ശതമാനമായി കുറച്ച് ജിഎസ്ടി കൗൺസിൽ യോഗം. അതേ സമയം ആരോഗ്യ – ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്‍റെ ജി.എസ്.ടി കുറയ്ക്കുന്നതിൽ തീരുമാനമായില്ല.
ഈ വിഷയം നവംബറിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചതായും ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി പറഞ്ഞു.
നിലവിൽ 18 ശതമാനമാണ് പ്രീമിയത്തിന്‍റെ ജി.എസ്.ടി. കേന്ദ്ര – സംസ്ഥാന സർവകലാശാലകളുടെ ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ചില ലഘുഭക്ഷണങ്ങളുടെയും ജിഎസ്ടിയിൽ കുറവു വരുത്തി.
ഷെയറിങ് അടിസ്ഥാനത്തിലുള്ള ഹെലികോപ്റ്ററുകളുടെ ജി.എസ്.ടി അഞ്ച് ശതമാനമായിരിക്കും. ഓൺലൈൻ ഗെയിമിങ്ങിൽ നിന്നുള്ള വരുമാനം 412 ശതമാനമായി വർധിച്ചതായും മന്ത്രി അറിയിച്ചു.