ലഖ്നൗ: ഉത്തർപ്രദേശിൽ നിയന്ത്രണം വിട്ട കാർ ട്രക്കിലിടിച്ച് അഞ്ച് ഡോക്ടർമാർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ആഗ്ര – ലഖ്നൗ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ലഖ്നൗവിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഡോ. അനിരുദ്ധ് വർമ, ഡോ. സന്തോഷ് കുമാർ മൗര്യ, ഡോ. ജൈവീർ സിംഗ്, ഡോ. അരുൺ കുമാർ, ഡോ. നാർദേവ് എന്നിവരാണ് മരിച്ചത്. മരിച്ചവർ ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ പിജി ഡോക്ടർമാരാണ്. ബുധനാഴ്ച പുലർച്ചെ 3.30 ഓടെ ഇവർ സഞ്ചരിച്ചിരുന്ന സ്‌കോർപിയോ എസ്.യു.വി നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്ത് എതിർദിശയിൽ നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.
വണ്ടിയോടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് വിവരം. അപകടത്തെത്തുടർന്ന് ഡോക്ടർമാരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് സിഐ പ്രിയങ്ക ബാജ്‌പേയ് വ‍്യക്തമാക്കി.






