Timely news thodupuzha

logo

കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ

കൊച്ചി: ആൺസുഹൃത്തായിരുന്ന ഷാരോൺ രാജിനെ വിഷം കലർത്തിയ കഷായം കുടിപ്പിച്ച് കൊന്ന കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിക്കപ്പെട്ടതോടെ കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ. 24 വയസാണ് ഗ്രീഷ്മയ്ക്ക്. വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതിയായ റഫീക്ക ബീവിക്കാണ് ഇതിനു മുൻപ് തൂക്കുകയർ ലഭിച്ചത്.

2024 മേയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധി പ്രഖ്യാപനം. സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിനായി, വയോധികയായ ശാന്തകുമാരിയെ റഫീക്ക ബീവി കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ കൂട്ടുപ്രതികളായ കാമുകൻ അൽ അമീൻ, മൂന്നാം പ്രതി റഫീക്കയുടെ മകൻ ഷെഫീക്ക് എന്നിവർക്കും വധശിക്ഷ ലഭിച്ചിരുന്നു. നേരത്തെ കൊല്ലം വിധുകുമാരൻ തമ്പി വധക്കേസിലെ പ്രതി ബിനിത കുമാരിക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ‌, ഇതുപിന്നീട് മേൽക്കോടതി ജീവപര്യന്തമാക്കി കുറച്ചു.

റഫീക്ക ബീവിക്കും കൂട്ടുപ്രതികളായ മകനും കാമുകനും വധശിക്ഷ വിധിച്ച അതേ കോടതിയും അതേ ജഡ്ജിയുമാണ് തിങ്കളാഴ്ച ഷാരോൺ കേസും പരിഗണിച്ചത്. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് തെളിയുന്ന ഘട്ടത്തിലാണ് കോടതി വധശിക്ഷ വിധിക്കുന്നത്.

എന്നാൽ, പ്രതികൾക്ക് കോടതികൾ വധശിക്ഷ വിധിക്കുമ്പോഴും ശിക്ഷ നടപ്പാക്കുന്നത് അപൂർവമാണ്. വധശിക്ഷ കാത്ത് സംസ്ഥാനത്ത് 39 പേരാണ് ജയിലിൽ കഴിയുന്നത്. ഷാരോൺ വധകേസിലെ വിധി വന്നതോടെ ഗ്രീഷ്മ നാൽപ്പതാമത്തെ ആളായി.

കഴിഞ്ഞ വർഷം രഞ്ജിത്ത് ശ്രീനിവാസൻ കേസിലായിരുന്നു സംസ്ഥാനത്ത് ഒരു കേസിൽ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത്- 15 പേർക്ക്. 2020 മാർച്ചിൽ ഡൽഹി നിർഭയ കൂട്ടബലാത്സംഗ കേസിൽ പ്രതികളായ മുകേഷ്, അക്ഷയ് കുമാർ സിങ്, വിനയ് ശർമ, പവൻകുമാർ എന്നിവരെ തൂക്കിലേറ്റിയതാണ് രാജ്യത്ത് ഒടുവിൽ നടപ്പാക്കിയ വധശിക്ഷ.

അതേസമയം, കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 34 വർഷം മുമ്പാണ്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ റിപ്പർ ചന്ദ്രനെയാണ് 1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നത്.

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ അവസാനം വധശിക്ഷ നടപ്പാക്കിയത് 1974ലാണ്. കളിയിക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് തൂക്കിക്കൊന്നത്.

Leave a Comment

Your email address will not be published. Required fields are marked *