Timely news thodupuzha

logo

കോഴിക്കോട് പിഞ്ചുകുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു

കോഴിക്കോട്: ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യയ്ക്കു ശ്രമിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത് ശരണ്യ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരണ്യയുടെ കൂടെ ആരും ഉണ്ടായിരുന്നില്ല. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

കണ്ണൂർ തളിപ്പറമ്പ് കോടതിയില്‍ തിങ്കളാഴ്ച വിചാരണ തുടങ്ങാനിരിക്കെയാണ് സംഭവം. ഏറെക്കാലമായി ജാമ്യത്തിലായിരുന്ന ഇവര്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ കേരളത്തിന് പുറത്തായിരുന്നു താമസം.

വിചാരണ തുടങ്ങാനിരിക്കെ കഴിഞ്ഞ ദിവസമാണ് ഇവർ കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കുന്നതിനു വേണ്ടി ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നതാണ് കേസ്.

തയ്യിൽ കടൽത്തീരത്തെ പാറയിൽ കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ കുഞ്ഞിന്‍റെ അച്ഛൻ പൊലീസില്‍ പരാതി നല്‍കി. പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തി.

കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. സംഭവത്തില്‍ കുഞ്ഞിന്‍റെ അച്ഛനെതിരെ ശരണ്യയുടെ ബന്ധുക്കൾ പൊലീസില്‍ പരാതിയും നൽകിയിരുന്നു. പിന്നീട് ശരണ്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനൊപ്പം ജീവിക്കുന്നതിനു വേണ്ടി മകനെ കൊലപ്പെടുത്തിയെന്നത് തെളിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *