വാഷിംഗ്ടൺ ഡിസി: 47-ാം അമെരിക്കൻ പ്രസിഡൻറായി അധികാരമേറ്റതിനു പിന്നാലെ അതിപ്രധാന ഉത്തരവുകളിൽ ഒപ്പുവച്ച് ഡൊണാൾഡ് ട്രംപ്.
200 ഓളം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. ഇതിൽ ലോകാരോഗ്യസംഘടനയിൽനിന്ന് അമെരിക്ക പിന്മാറുമെന്നതാണ് പ്രധാന പ്രഖ്യാപനം.
സംഘടനയ്ക്ക് ഇനി മുതൽ സാമ്പത്തിക സഹായം നൽകില്ലെന്നും അറിയിച്ചു. അമേരിക്കയുടെ പിൻമാറ്റം വലിയ തിരിച്ചടിയാണ് സംഘടനയ്ക്ക് നൽകുക. 2021 ൽ ട്രംപ് അധികാരത്തിലായിരുന്നപ്പോൾ കൊവിഡിനെതിരെ ലോകാരോഗ്യസംഘടന കാര്യമായി പ്രവർത്തിച്ചില്ലെന്ന് വിമർശനമുയർന്നിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണീ നീക്കം. കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരിസ് കരാറിൽനിന്നും അമെരിക്ക വീണ്ടും പിന്മാറി. കരാറിൽ നിന്നും പിന്മാറുന്നതറിയിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് നൽകുന്ന ഔദ്യോഗിക കത്തിൽ ട്രംപ് ഒപ്പുവച്ചു.
കൂടാതെ, സ്ത്രീ- പുരുഷൻ എന്നീ 2 ലിംഗങ്ങളെ മാത്രമേ യുഎസ് സർക്കാർ അംഗീകരിക്കൂ എന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ ട്രാൻസ്ജെൻഡർ വ്യക്തികൾ അമെയിക്കയുടെ ഔദ്യോഗിക രേഖകളിൽ നിന്നും പുറത്താകും.
2021ൽ ട്രംപിനു വേണ്ടി കലാപം ഉണ്ടാക്കിയ 1600 പേർക്ക് മാപ്പ് നൽകി. ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാൻ നീതിന്യായ വകുപ്പിന് നിർദേശം നൽകി.
ഇന്ന് രാത്രി തന്നെ അവർക്ക് പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് അനുകൂലികളും പൊലീസുകാരും ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു കലാപത്തിൽ ട്രംപ് കുറ്റക്കാരനാണെന്ന് അമെരിക്കൻ നീതിന്യായ വകുപ്പ് കണ്ടെത്തിയിരുന്നു.

ഊർജ്ജ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണ് മറ്റൊന്ന്. എണ്ണ ഖനനം ചെയ്യാനായി ആർട്ടിക് തുറക്കുമെന്നും ആഭ്യന്തര ഊർജ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
മെക്‌സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനൽ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു.

പാനമ കനാലിൻറെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ചൈനയ്ക്ക് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസിൽ ജനിച്ച ആർക്കും പൗരത്വം നൽകുന്ന ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.






