വാഷിംഗ്‌ടൺ ഡിസി: ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പുതിയ ഡോണൾഡ് ട്രംപ് സർക്കാരിൻറെ ഭാഗമാകില്ല. ഡിപ്പാർട്മെൻറ് ഓഫ് ഗവണ്മെൻറ് എഫിഷ്യൻസി (ഡോജ്) ചുമതല ഇലോൺ മസ്കിന് മാത്രമായിരിക്കുമെന്നാണ് വിവരം.
വിവേക് രാമസ്വാമി ഒഹായോ സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നതിനാലാണ് പിന്മാറ്റമെന്നാണ് വിശദീകരണം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇലോൺ മസ്കിനൊപ്പം ഡോജ് ഉപദേശക സമിതിയുടെ തലവൻമാരിലൊരാളായി വിവേക് രാമസ്വാമിയെയും ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ട്രംപിൻറെ സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കുശേഷം വിവേക് സ്വാമി ഡോജിൻറെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു.
അതേസമയം, റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയുടെ ഡോജിലെ പ്രവർത്തന ശൈലിയിൽ ഇലോൺ മസ്ക് സംതൃപ്തനായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, അമേരിക്ക പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറുമെന്നും തീരുമാനം ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമെരിക്കയിലേക്കുള്ള കുടിയേറ്റത്തെ പൂർണമായും ഒഴിവാക്കും. പനാമ കനാൽ തിരിച്ചുപിടിക്കും. ഇവിടെയുള്ള ചൈനയുടെ നിയന്ത്രണം നിർത്തലാക്കും. ട്രാൻസ് ജെൻററുകൾക്ക് രാജ്യത്ത് സ്ഥാനമുണ്ടാകിലെന്നും ട്രംപ് വ്യക്തമാക്കി.






