കാസർകോട്: സ്വാതന്ത്ര്യ സമരസേനാനിയും സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനിയുടെ ആദ്യകാല ലേഖകനുമായിരുന്ന സി കൃഷ്ണൻ നായരുടെ സ്‌മരണക്കായി കാസർകോട് ഇ.എം.എസ് പഠന കേന്ദ്രം കുടുംബവുമായി ചേർന്ന് ഏർപ്പെടുത്തിയ മാധ്യമ അവാർഡ് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബന്. മരണശേഷം സ്വന്തം ശരീരം പഠനാവശ്യങ്ങൾക്കായി കൈമാറുന്നത് സംബന്ധിച്ച മരിക്കരുത് മഹാദാനം വാർത്താ പരമ്പരക്കാണ് അവാർഡ്.
പതിനായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡ് 14ന് കാലിക്കടവിൽ നടക്കുന്ന അനുസ്‌മരണ പൊതുയോഗത്തിൽ സമ്മാനിക്കും. ഡോ. വി.പി.പി മുസ്‌തഫ, ഡോ. സി ബാലൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ അവാർഡ്, രാം നാഥ് ഗോയങ്ക അവാർഡ്, സരോജിനി നായിഡു അവാർഡ്, സ്റ്റേറ്റ്സ്മാൻ അവാർഡിന്റെ ഒന്നാം സ്ഥാനം അടക്കം അമ്പതിലേറെ മാധ്യമ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൊടുപുഴ കോലാനി ഓവൂർ കുടുംബാംഗമാണ്. ഭാര്യ സേതുമോൾ. മക്കൾ: സാന്ദ്ര, വൃന്ദ. മരുമകൻ എസ് അനൂപ്.






