പത്തനംതിട്ട: പത്തനംതിട്ടയിൽ പാതിരാത്രി യാത്രക്കാരെ പൊലീസ് മർദിച്ച കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. പൊലീസ് അതിക്രമം, ബാറിൽ ബഹളമുണ്ടാക്കൽ എന്നീ കേസുകളാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് അന്വേഷണ സംഘത്തിൻറെ തലവൻ. ഫെബ്രുവരി നാലിന് അടൂരിൽ വിവാഹ സത്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിൻറെ മർദനമേറ്റത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്.
ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയെത്തിയ പൊലീസ് പകരം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ വിശ്രമിക്കാൻ നിന്നവരെയാണ് മർദിച്ചത്. ആളുമാറിയാണു മർദനം എന്നു തന്നെയായിരുന്നു പൊലീസിൻറെ അനൗദ്യോഗിക വിശദീകരണം. അബാൻ ജംഗ്ഷനിലെ ബാറിനു സമീപം അടിപിടി നടക്കുന്നതായി സ്റ്റേഷനിൽ വിവരം കിട്ടിയതിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം എത്തിയത്.
എന്നാൽ പൊലീസ് സംഘം ചെന്നപ്പോൾ ഒരു യുവതിയും നാല് പുരുഷന്മാരും ചേർന്ന് ബാറിന് മുന്നിൽനിന്ന് സെൽഫി എടുക്കുന്നതാണ് കണ്ടത്. അതിനിടെ ഹെൽമറ്റ് ധരിച്ച രണ്ട് പേർ ഓടിപ്പോകുന്നതും കണ്ടു. ഇതോടെ ബാറിന് മുന്നിൽനിന്നവർ അടിപിടി സംഘത്തിലുള്ളവരാണെന്ന് കരുതിയാണു മർദിച്ചതെന്നാണു പറയുന്നത്. എസ്ഐ ജിനുവിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ മർദിച്ചത്. ഇതിനു പിന്നാലെ എസ്ഐ ജിനുവിനെ സസ്പെൻഡ് ചെയ്തിരുന്നു.






