ചാലക്കുടി: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് പൊലീസ്. ബാങ്കിനെക്കുറിച്ച് അറിയാവുന്ന ആളാണ് കവർച്ച നടത്തിയെന്ന് സംശയമുയരുന്നുണ്ട്. ബാങ്കിൽ ഇടപാടുകാർ ഇല്ലാത്ത സമയത്താണ് കവർച്ച നടത്തിയത്.
കറിക്കത്തി പോലൊരു ചെറിയ ആയുധമാണ് ഭീഷണിപ്പെടുത്താനായി ഉപയോഗിച്ചിരിക്കുന്നത്. വെറും 2 മിനിറ്റ് കൊണ്ട് കവർച്ച നടത്തി പുറത്തു കടക്കുകയും ചെയ്തു. 45 ലക്ഷത്തിൽ അധികം രൂപയുണ്ടായിരുന്ന കൗണ്ടറിൽ നിന്ന് വെറും 15 ലക്ഷം മാത്രമാണ് പ്രതി കവർന്നിരിക്കുന്നത്. ഇതിൽ അസ്വാഭാവികതയുണ്ട്.
അക്രമി ഹിന്ദിയിലാണ് സംസാരിച്ചതെന്ന് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാരണത്താൽ പ്രതി മലയാളിയല്ലെന്ന് ഉറപ്പിക്കാനാകില്ലെന്നും പൊലീസ് പറയുന്നു. അങ്കമാലി ഭാഗത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
