യു.എസ്: പാസ്പോർട്ടിലും വിസ രേഖകളിലുമുള്ള തെറ്റ് തിരുത്താൻ പണം ആവശ്യപ്പെട്ടു കൊണ്ട് യുഎസിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജഫോൺകോളുകൾ. ഇത്തരം കോളുകൾ വിശ്വസിക്കരുതെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എംബസിയുടെ ഫോൺ നമ്പറിനു സമാനമായ നമ്പർ ഉപയോഗിച്ചോ എംബസിയിൽ നിന്നാണെന്ന് അവകാശപ്പെട്ടോ ആണ് പണം തട്ടാൻ ശ്രമം നടക്കുന്നത്.
രേഖകളിൽ തെറ്റുണ്ടെന്നും തിരുത്തിയില്ലെങ്കിൽ നാടു കടത്തുമെന്നും തടവിലാക്കുമെന്നും പറഞ്ഞ് പരിഭ്രാന്തി പരത്തുകയും അതിൽ നിന്ന് രക്ഷപ്പെടുത്താനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. തട്ടിപ്പുകാർ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ അടക്കം വാങ്ങുന്നതായും പരാതി ഉയരുന്നുണ്ട്.
പാസ്പോർട്ട്, വിസ, ഇമിഗ്രേഷൻ രേഖകളിൽ ഏതെങ്കിലും വിധത്തിലുള്ള തിരുത്തലുകൾ ആവശ്യമെങ്കിൽ @mea.gov.in domain എന്ന ഔദ്യോഗിക ഇമെയിൽ വഴിയായിരിക്കും അപേക്ഷകരുമായി ആശയ വിനിമയം നടത്തുകയെന്ന് എംബസി വ്യക്തമാക്കി. വ്യാജ കോളുകൾ വന്നാൽ പരിഭ്രാന്തരാകരുതെന്നും വ്യക്തിവിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ പങ്കു വയ്ക്കരുതെന്നും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.