
മൂലമറ്റം: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ നെല്ലിക്കാമല നസ്രത്ത് മൗണ്ട് കുരിശുമലയിലെ വലിയ നോമ്പ് കാല തിരുകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയുടെ കീഴിലുള്ള നെല്ലിക്കാമല തീർത്ഥാടന കേന്ദ്രത്തിലേക്ക് വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴിചൊല്ലി ഭക്തർ മല കയറും. . വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതിന് ഞരളംപുഴ കവലയിൽ ഒത്തു ചേർന്നാണ് മല കയറ്റം. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ നടന്ന് കുരിശിന്റ വഴി യും പ്രാർത്ഥനയുമായി മുകളിലെ കുരിശു പള്ളിയിലെത്തും.
തുടർന്ന് സമാപന പ്രാർത്ഥനയും നേർച്ച കഞ്ഞി വിതരണവും ഉണ്ടാകും. ഏപ്രിൽ 11- നാല്പതാം വെള്ളി, 18- ദുഃഖ വെള്ളി ദിവസങ്ങളിൽ കൂടുതൽ ഭക്ത ജനതിരക്ക് കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് വികാരി ഫാദർ ജയിംസ് വെട്ടുകല്ലേൽ, കൈക്കാരൻമാരായ ജോസുകുട്ടി അറയ്ക്കപ്പറമ്പിൽ, ജോണി വെട്ടത്ത്, ജോസുകുട്ടി അലകനാൽ, ജോസ് തിരുതാളിൽ എന്നിവർ മൂലമറ്റത്ത് നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.