Timely news thodupuzha

logo

ആശാ വർക്കർമാരുടെ സമരം; ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ആരോഗ്യമന്ത്രി ഡൽഹിയിലേക്ക് പോയി

ന്യൂഡൽഹി: ആശാ വർക്കർമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ സമരം കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിലേക്ക് പോയി. ഡൽഹിയിൽ എത്തുന്ന വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി പ്രശ്നം ചർച്ച ചെയ്യും.

സമരക്കാർ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതോടൊപ്പം കേന്ദ്രം നൽകാനുള്ള തുക അനുവദിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ ഉന്നയിക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അതേസമയം, ആശ വർക്കർമാരുമായി ആരോഗ്യ മന്ത്രി വീണാ ജോർജുമായി ബുധനാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ആശ വർക്കർമാർ പ്രഖ്യാപിച്ച നിരാഹാര സമരം വ്യാഴാഴ്ച മുതൽ ആരംഭിക്കും.

രാവിലെ 11 മണി മുതൽ എം.എം ബിന്ദു, തങ്കമണി എന്നിവർ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ വ്യക്തമാക്കി. നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു സർക്കാരിൻറെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച ആശാ വർക്കർമാരുടെ രാപ്പകൽ സമരം 38 ദിവസം പിന്നിട്ടു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ആശാവർക്കർമാർ ഉന്നയിക്കുന്നത്. സംസ്ഥാനത്താകെ 26,125 ആശമാരാണ് ഉള്ളത്. 400ഓളം പേരാണ് സമരത്തിനുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *