മുംബൈ: ബോളിവുഡ് താരം സുശാന്ത് രജ്പുത്തിൻറെ മുൻ മാനേജർ ദിശ സാലിയൻറെ മരണത്തിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം. ദിശയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിശയുടെ പിതാവ് സതീഷ് സാലിയൻ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി.
ശിവസേനാ (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്ക് എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദിശ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. ഇത്രയും കാലം മുംബൈ പൊലീസിൻറെ അന്വേഷണത്തിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ ഫൊറെൻസിക് റിപ്പോർട്ടുകളെയും സാക്ഷികമൊഴികളെയും തെളിവുകളെയുമെല്ലാം തള്ളി മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർത്ത് കേസ് അവസാനിപ്പിക്കാൻ ആണ് പൊലീസ് ശ്രമിച്ചതെന്നും ഹർജിയിലുണ്ട്.
എന്നാൽ പുനരന്വേഷണം വേണമെന്ന ആവശ്യം തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ശിവസേന(യുബിടി) നേതാവ് ആദിത്യ താക്കറെ ആരോപിച്ചു. വിഷയം കോടതിയിലെത്തിയാൽ നിയമപരമായി നേരിടും. രാജ്യത്തിൻറെ പുരോഗതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ആദിത്യ പറഞ്ഞു. 2020 ഏപ്രിലിൽ മുംബൈയിലെ 14 നില കെട്ടിടത്തിൽ നിന്ന് വീണാണ് ദിശ മരിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം സുശാന്തിനെ അപ്പാർട്മെൻറിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിനു പിന്നാലെയാണ് ദിശയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി കുടുംബം ആരോപിച്ചത്.