തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടർന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ അപ്പീലിനൊരുങ്ങി മുഖ‍്യമന്തിയുടെ മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം. ഇതിനായി അദ്ദേഹം അഭിഭാഷകരുമായി സംസാരിച്ചു. അപ്പീൽ നീക്കത്തിന് സർക്കാരും പിന്തുണച്ചെന്നാണ് വിവരം. തൻറെ വാദം കേട്ടില്ലെന്നാണ് കെ.എം. എബ്രഹാം പറയുന്നത്. സിബിഐ അന്വേഷണം ശക്തമായി നേരിടുമെന്ന് അദ്ദേഹം നേരത്തെ വ‍്യക്തമാക്കിയിരുന്നു.
തനിക്കെതിരേ ഹർജി നൽകിയ ജോമോൻ പുത്തൻപുരയ്ക്കലിന് തന്നോട് വിരോധമുണ്ടെന്നും താൻ ധനസെക്രട്ടറിയായിരിക്കുന്ന സമയത്ത് ഹർജിക്കാരൻ പിഡബ്ല‍്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് താൻ കണ്ടെത്തിയിരുന്നുവെന്നും ഈ സംഭവത്തിൽ പിഴ ചുമത്തിയതിൻറെ വൈരാഗ‍്യമാണ് ഹർജിക്കാരനുള്ളതെന്നും എബ്രഹാം പറഞ്ഞു. അതേസമയം കിഫ്ബി സിഇഒ സ്ഥാനത്തു നിന്നും രാജിവയ്ക്കില്ലെന്നും രാജിവച്ചാൽ ഹർജിക്കാരൻറെ ആരോപണം ശരിയാണെന്ന് വരുമെന്നും ഈ കാര‍്യത്തിൽ മുഖ‍്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നും അന്വേഷണത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.