തിരുവനന്തപുരം: തന്നിക്കെതിരേ നടപടി ഉണ്ടായാലും തൻറെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്.
താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡാണെന്നും തനിക്കെതിരേ ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“താൻ വിമർശിച്ചത് സർക്കാരിനെയോ മന്ത്രിസഭയെയോ അല്ല. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെയാണ്. വീഴ്ചകൾ പരിഹരിക്കപ്പെടണം. എന്നാലെ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകു. വിദഗ്ധ സമിതിയോട് തെളിവുകളോടെ കാര്യങ്ങൾ ബോധിപിച്ചു. പ്രതിവിധികൾ നിർദേശിച്ചിട്ടുണ്ട്. സ്ഥിരമായി പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം.”
“മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല. അദ്ദേഹം ഗുരുനാഥന് തുല്യനാണ്. വേറെ മാർഗമില്ലാതായപ്പോഴാണ് പ്രഫഷണൽ സൂയിസൈഡ് വേണ്ടിവന്നത്. എൻറെ കരിയറും ജോലിയും ത്യജിച്ച് അത്രയും റിസ്കെടുത്താണ് ഞാൻ മുമ്പോട്ട് വന്നത്.
ആരെങ്കിലും എതിർക്കുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചതെങ്കിലും, ജനങ്ങളും ഇടതുപക്ഷപാർട്ടികളുൾപ്പെടെയുള്ളവർ കൂടെ നിന്നു. ഞാൻ ചൂണ്ടിക്കാണിച്ചത് എന്താണോ അത് പരിഹരിക്കുക. അല്ലാതെ ആരോഗ്യവകുപ്പിനെ മോശക്കാമാക്കി കാണിക്കയല്ല വേണ്ടത്. അതിൽനിന്നും എല്ലാവരും പിന്മാറണം” – ഡോ.ഹാരിസ് പറഞ്ഞു.






