Timely news thodupuzha

logo

കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊച്ചി: ഇടപ്പളളി പോണേക്കരയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുവാൻ ശ്രമിച്ചത്. വീട്ടിൻറെ തൊട്ടടുത്തുളള ട്യൂഷൻ സെൻററിൽ പോകും വഴി കാറിൽ എത്തിയവർ കുട്ടികളുടെ കൈയിൽ പിടിച്ച് വലിക്കുകയായിരുന്നു. കുട്ടികൾ നിലവിളിക്കുകയും കുതറി ഓടുകയും ചെയ്തതോടെ സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങുകയാണുണ്ടായത്.

സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ച് വരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് 4.45 നാണ് സംഭവം. കുട്ടികളുടെ വീടിൻറെ തൊട്ടടുത്ത വീട്ടിലേക്ക് ട്യൂഷന് പോകാൻ വേണ്ടി ഇറങ്ങിയതായിരുന്നു. കുട്ടികളെ യാത്രയാക്കി മുത്തശി വീടിൻറെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു.

രണ്ട് കുട്ടികളും വീട്ടിൽനിന്നിറങ്ങി നടക്കുന്നതിനിടെ ഒരു വെള്ള കാർ അടുത്തു നിർത്തുകയും കാറിൻറെ പിൻവശത്തിരുന്നയാൾ കുട്ടികൾക്ക് നേരേ മിഠായി നീട്ടുകയും ചെയ്തു. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളയുകയായിരുന്നു.

ഇതിനിടെ മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാൻ ശ്രമം നടത്തി. തുടർന്ന് കുട്ടികൾ ഉറക്കെ കരഞ്ഞു. അതേസമയം തന്നെ സമീപത്തുണ്ടായിരുന്ന ഒരു പട്ടി കുരച്ചുകൊണ്ട് കാറിന് സമീപത്തേക്ക് എത്തുകയും ചെയ്തു. ഇതോടെ ഇവർ കാറിൻറെ ഡോർ അടയ്ക്കുകയായിരുന്നു.

കുതറിയോടിയ കുട്ടികൾ ട്യൂഷന് പോകുന്ന വീട്ടിലേക്ക് കയറിയതോടെ കാർ വേഗത്തിൽ ഓടിച്ചുപോയി. ട്യൂഷൻ ടീച്ചറോട് വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് ടീച്ചർ കുട്ടികളുടെ വീട്ടുകാരെ വിളിച്ചു പറയുകയും സംഭവം പൊലീസിൽ അറിയിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *