തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ സി.പി.എം സഹയാത്രികനുമായ മുൻ എം.എൽ.എ പി.പി സുലൈമാൻ റാവുത്തർ പ്രതിപക്ഷത്തെ പരിഹസിച്ച് രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേകുറിച്ച് സംസാരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു കോൺഗ്രസ്സും, പോഷക സംഘടനകളും പ്രത്യക്ഷ സമരത്തിലാണെന്നും സാധാരണ ജനങ്ങളിൽ നിന്നപരവൽക്കരിക്കപ്പെട്ട പ്രതിപക്ഷമാണിവിടെയുള്ളതെന്നതിൻ്റെ നേർ സാക്ഷ്യമാണിതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. ഡോക്ടർ ഹാരീസിൻ്റെ ഫേസ്ബുക് പോസ്റ്റു വരുന്നതിനു മുമ്പു പ്രതിപക്ഷം ഈപ്രശ്നമുന്നയിച്ചിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായതറിഞ്ഞയുടനെ തന്നെ മന്ത്രിമാരായ വീണാ ജോർജ്ജും, വിഎൻ വാസവനുമവിടെയെത്തി. സമരം പിൻവലിച്ചു മുഖം രക്ഷിക്കുന്നതാണു പ്രതിപക്ഷത്തിനു നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹത്തിന്റെ എഫ്.ബി പേസ്റ്റിൽ നിന്നും; ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു കോൺഗ്രസ്സും, പോഷക സംഘടനകളും പ്രത്യക്ഷ സമരത്തിലാണ്. ഡോക്ടർ ഹാരീസ് ചിറയ്ക്കലിൻ്റെ ഫേസ്ബുക് പോസ്റ്റും, കോട്ടയം മെഡിക്കൽ കോളേജിൽ കാലപ്പഴക്കം ചെന്ന ഒരുബ്ലോക്കിൻറെ ഭിത്തി തകർന്നു വീണു തലയോലപ്പറമ്പു സ്വദേശിയായ ബിന്ദു മരണപ്പെട്ടതുമാണു സമരകാരണമായി സമരക്കാർ ഉന്നയിക്കുന്നത്. ഡോക്ടർഹാരീസിൻറെ ഫേസ്ബുക് പോസ്റ്റു വരുന്നതിനു മുമ്പു പ്രതിപക്ഷം ഈപ്രശ്നമുന്നയിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കാവശ്യമായ മരുന്നും, ഉപകരണങ്ങളുമില്ലാത്തതു മൂലം ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന ഗുരുതരമായ പ്രശ്നം ഉന്നതങ്ങളിൽ അറിയിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണാതെ വന്നപ്പോളാണ് ഡോക്ടർ ഹാരീസ് ഫേസ് ബുക് പോസ്റ്റിലൂടെ അധികാരികളെയും, പുറംലോകത്തെയുമീവിവരം അറിയിച്ചത്.നിർദ്ധനരും, സാധാരണക്കാരുമായ രോഗികളെ ബാധിക്കുന്ന ഈ പ്രശ്നം എന്തേ പ്രതിപക്ഷം അറിയാതെ പോയി. സാധാരണ ജനങ്ങളിൽ നിന്നപരവൽക്കരിക്കപ്പെട്ട പ്രതിപക്ഷമാണിവിടെയുള്ളതെന്നതിൻ്റെ നേർ സാക്ഷ്യമാണിത്. ഹാരീസ് ഉന്നയിച്ച പോരായ്മകൾ ശ്രദ്ധയിൽപെട്ടയുടനെ പരിഹരിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറായി.
കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായതറിഞ്ഞയുടനെ തന്നെ മന്ത്രിമാരായ വീണാ ജോർജ്ജും, വിഎൻ വാസവനുമവിടെയെത്തി. അപകടത്തിൽ ആളപായമുണ്ടായിട്ടില്ലെന്നു മെഡിക്കൽ കോളേജു സൂപ്രണ്ടിൽ നിന്നു ലഭിച്ച വിവരം മന്ത്രിമാർ പുറംലോകത്തെ അറിയിച്ചു.കൂടുതൽ അന്വേഷണം നടത്തി ബോദ്ധ്യപ്പെടാതെ മന്ത്രിമാർ ഇക്കാര്യത്തിൽ ഒരു പ്രസ്താവന നടത്തരുതായിരുന്നു.ഈപ്രസ്താവനമൂലം രക്ഷാപ്രവർത്തനം വൈകിയെന്നും, അതുമൂലമാണു ബിന്ദു മരിക്കാനിടയായതെന്നും, ഇതിൻറെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്തു കൊണ്ട് ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്നുമാണു പ്രതിപക്ഷമാവശ്യപ്പെടുന്നത്.അങ്ങനെയാണെങ്കിൽ അതേ പ്രസ്താവന നടത്തിയ മന്ത്രി വാസവൻ രാജി വെയ്ക്കണമെന്നെന്തു കൊണ്ടാണു പ്രതിപക്ഷമാവശ്യപ്പെടാത്തത്.കേരളത്തിലെ ആരോഗ്യ മേഖലയെയും, ആരോഗ്യമന്ത്രിയെയും മനപ്പൂർവ്വം പ്രതിക്കൂട്ടിൽ നിർത്തുവാനുള്ള ശ്രമമാണു പ്രതിപക്ഷം നടത്തുന്നത്.കേരളമിതു തിരിച്ചറിയുക തന്നെ ചെയ്യും.
2012ൽ ഉമ്മൻചാണ്ടി മുഖ്യ മന്ത്രിയായിരുന്നപ്പോളാണു കെട്ടിടത്തിൻറെ ബലക്ഷയം റിപ്പോർട്ടു ചെയ്യപ്പെട്ടത്.ഉമ്മൻചാണ്ടിയുടെ ഭരണകാലത്തു അപകടസ്ഥിതിയിലായ കെട്ടിടം പുതുക്കിപ്പണിയുന്നതിനുള്ള ഒരു നടപടിയുമുണ്ടായില്ല.2016ൽ പിണറായിവിജയൻ അധികാരത്തിലെത്തിയപ്പോൾ 2018ലെയും,19ലെയും പ്രളയങ്ങളും, നിപ, കോവിഡ് തുടങ്ങിയ മാരകരോഗങ്ങളും പ്രതിസന്ധി സൃഷ്ടിച്ചിട്ടും കെട്ടിടം പുതുക്കിപ്പണിയുന്നതിനുള്ള നടപടികളുമായി മുമ്പോട്ടു പോയി.എല്ലാആധുനിക സൗകര്യങ്ങളോടും കൂടിയ എട്ടുനില ബ്ലോക്കിൻറെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.ഇതിൻറെപേരിലാണോ ആരോഗ്യമന്ത്രി രാജി വെയ്ക്കേണ്ടത്.രണ്ടു മന്ത്രിമാരും മരണപ്പെട്ടബിന്ദുവിൻറെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും,സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നുറപ്പുനൽകുകയും ചെയ്തു.ഇതിൽകൂടുതൽ സംസ്ഥാന സർക്കാരിനെന്താണു ചെയ്യുവാൻ കഴിയുന്നത്. സർക്കാർ നിലപാടിൽ സംതൃപ്തരാണെന്നു കുടുംബാംഗങ്ങളുമറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സമരം പിൻവലിച്ചു മുഖം രക്ഷിക്കുന്നതാണു പ്രതിപക്ഷത്തിനു നല്ലത്.






