തിരുവനന്തപുരം: വനാതിർത്തി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വർധിച്ചുവരുന്ന മനുഷ്യ – വന്യജീവി സംഘർഷം തടയാൻ നിയമ നിർമാണം തുടങ്ങി സംസ്ഥാന സർക്കാർ. ഇതിൻറെ കരട് അന്തിമഘട്ടത്തിലാണെന്നും ഉടൻ പ്രസിദ്ധീകരിക്കുമെന്നുമാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചത്. സംസ്ഥാനത്തിന് നിയമ നിർമാണം നടത്താനാകുമോ എന്നു പരിശോധിക്കാൻ നിർദേശിച്ചിരുന്നു.
ഇതിൻറെ അടിസ്ഥാനത്തിൽ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തി. കൺകറൻറ് പട്ടികയിലായതിനാൽ ആ സൗകര്യം ഉപയോഗിച്ച് നിയമ നിർമാണം നടത്തുന്നത് ആലോചിക്കാമെന്നാണ് ഉപദേശം ലഭിച്ചത്. ഇതിൻറെ അടിസ്ഥാനത്തിലാണ് കരട് തയാറാക്കാൻ നടപടി സ്വീകരിച്ചത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ കരട് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പുതിയ നിയമ നിർമാണം. അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. നിലവിലുള്ള കേന്ദ്ര നിയമങ്ങളും ചട്ടങ്ങളും കേരളത്തിൽ പ്രായോഗികമല്ലെന്നും സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാനും, മനുഷ്യർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിൽ നിയമം നിർമിക്കാനും നടപടികൾ സ്വീകരിക്കുന്നത്.
നിലവിലെ നിയമങ്ങൾ വന്യജീവികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ്. പുതിയ നിയമത്തിൽ അതിൽ മാറ്റമുണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചു. കരട് നിയമത്തിൽ ഇടതുമുന്നണിയിലും മന്ത്രിസഭയിലും കൂടുതൽ ചർച്ചകൾ നടത്തും.
തുടർന്ന് പൊതു സമൂഹത്തിൻറെ അഭിപ്രായങ്ങളും കണക്കിലെടുത്ത ശേഷമാകും ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുക. മനുഷ്യ – വന്യജീവി സംഘർഷം ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടിരുന്നു. ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചപ്പോൾ തമിഴ്നാട് സർക്കാർ പെട്ടെന്നു തന്നെ നിയമം പാസാക്കി. അതുപോലെ, കേരളത്തിലും മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാണ് ജോസ് കെ. മാണി ആവശ്യപ്പെട്ടത്.






