തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയയ്ക്കാൻ ഗവർണറുടെ അനുമതി. സർക്കാരിൻറെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെയാണ് ഷെറിൻറെ മോചനം സാധ്യമാകുന്നത്.
മാനുഷിക പരിഗണന, കുടുംബിനി എന്നീ പരിഗണനകളിലാണ് ഇളവ് നൽകിയത്. വിട്ടയയ്‌ക്കേണ്ട തടവുകാരുടെ പട്ടികയിൽ സർക്കാർ ഷെറിനെ ഉൾപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഗവർണർ സർക്കാരിൻറെ പട്ടിക തിരിച്ചയച്ചിരുന്നു.
ഷെറിൻ അടക്കം 11 പേർക്കാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്. ഷെറിന് പരോൾ ലഭിച്ചതും ജയിലിൽ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്ത് വന്നതുമാണ് നേരത്തെയുളള ജയിൽ മോചനത്തിന് തിരിച്ചടിയായത്.
സർക്കാർ ശുപാർശയ്ക്കുശേഷവും ജയിലിൽ പ്രശ്‌നം സൃഷ്ടിച്ചതും തിരിച്ചടിയായി. ഇതേത്തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോം രാജ് ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ ചെയ്യുകയായിരുന്നു.
ജീവപര്യന്തം തടവിനു ശിക്ഷിച്ച് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. 2009 നവംബർ 7നാണ് ഷെറിൻറെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിൻ ഒന്നാം പ്രതിയും ഷെറിൻറെ കാമുകൻമാർ കൂട്ടുപ്രതികളായിരുന്നു.






