കരിമണ്ണൂർ: കരിമണ്ണൂർ ടൗൺ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പോസ്റ്ററുകൾ പതിച്ച് പൊതുമുതൽ നശിപ്പിക്കുകയും, ദൃശ്യ മലിനീകരണം നടത്തുകയും ചെയ്ത ഒൻപതോളം ആളുകൾക്ക് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തി. ഈ നടപടി രാഷ്ട്രീയ നേതൃത്വത്തിൽ അന്ധാളിപ്പുണ്ടാക്കിയിട്ടുണ്ട്.

യാതൊരു സൂക്ഷ്മതയുമില്ലാതെയിരുന്നതും, പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയവുമായ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടുക്കി ജില്ലാ കളക്ടർ, ഇടുക്കി ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്ന് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ മുഖേന കളക്ടർക്കും എസ്.പി.ക്കും കൈമാറിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 1000 രൂപ പിഴ ചുമത്തിയെങ്കിലും, ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം ഇത് 3000 രൂപയായി ഉയർത്തി. ചുരുങ്ങിയത് 5000 രൂപയാക്കുമെന്നും സംസാരമുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പിഴ ചുമത്തിയതിനെ സ്വാഗതം ചെയ്യുകയും, നിയമം നടപ്പിലാക്കേണ്ടതാണെന്ന് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു.


എന്നാൽ, ഇതിനിടയിൽ പഞ്ചായത്ത് സെക്രട്ടറിയെ ഒരു മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വിളിച്ച് ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു.


ഒട്ടിച്ച പോസ്റ്ററുകൾ കീറിക്കളഞ്ഞാൽ മാത്രം പോരെയെന്നും, പിഴ ചുമത്തിയാൽ സെക്രട്ടറിയെ കൈകാര്യം ചെയ്യാൻ അറിയാമെന്നും മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞുവെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

അഴിമതി ആരോപണങ്ങൾ നിരവധി കേട്ട ഈ മുൻ പഞ്ചായത്ത് പ്രസിഡൻ്റിന്റെ നിലപാടിൽ ഉദ്യോഗസ്ഥരും നാട്ടുകാരും പ്രതിഷേധത്തിലാണ്. കരിമണ്ണൂർ പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച ധീരമായ നിയമനടപടിയെ നാട്ടുകാർ ഒറ്റക്കെട്ടായി അഭിനന്ദിച്ചു.






