നെടുങ്കണ്ടം: ഉടുമ്പൻചോല: 2019 – 2020 കാലഘട്ടത്തിൽ ആണ് ഉടുമ്പഞ്ചോലയിൽ ഹരിത ചോല എന്ന പേരിൽ സൗന്ദര്യ വത്കരണ പദ്ധതി ആവിഷ്കരിച്ചത്. പഞ്ചായത്തിലൂടെ കുമളി- മൂന്നാർ റോഡ് കടന്നു പോകുന്ന ഭാഗങ്ങളിൽ റോഡിന് ഇരുവശത്തും അരളി ചെടികൾ നട്ട് പരിപാലിയ്ക്കുക, വിവിധ മേഖലകളിൽ വേസ്റ്റ് ബിന്നുകൾ, തുമ്പൂർ മൂഴി മോഡൽ മാലിന്യ സംസ്കരണം, തുടങ്ങിയ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആകെ 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. പതിനായിരത്തിൽ അധികം അരളി തൈകൾ വാങ്ങി റോഡിന് ഇരുവശവും നടുകയും ചെയ്തു. എന്നാൽ ഏതാനും ചെടികൾ മാത്രമാണ് നിലവിൽ അവശേഷിയ്ക്കുന്നത്. പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടും അന്വേഷണം നടക്കുന്നില്ലെന്നാണ് ആരോപണം.
ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിനും ചകിരി ചോറിനുമൊക്കെയായി പണം വകയിരുത്തിയിരുന്നു. എന്നാൽ പണം നഷ്ടമായതല്ലാതെ സൗന്ദര്യവത്കരണം നടപ്പിലായില്ല. ഏയ്‌ഞ്ചൽ ട്രം പറ്റ് എന്ന കോളാമ്പി ചെടികൾ പോലെ ഉടുമ്പൻചോലയുടെ തനത് കാലാവസ്ഥയിൽ വളരുന്ന വിവിധ ഇനം ചെടികൾ മേഖലയിലെ കർഷകർ വേലിയായി പരിപാലിയ്ക്കാറുണ്ട്. ഇത്തരം ചെടികൾ സംരക്ഷിച്ച് പാതയോരം മനോഹരമാക്കാം എന്നിരിയ്‌ക്കെയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷങ്ങൾ നഷ്ടമാക്കിയത്.






