ഇടുക്കി: ജില്ലയിൽ ചിക്കൻ പോക്സ് പടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 21 ദിവസം വരെയാണ് സമയമെടുക്കുക. ശരീരത്തിൽ കുമിളകൾ പൊങ്ങുന്നതിന് രണ്ട് ദിവസം മുൻപും കുമിളകൾ ഉണങ്ങി രണ്ടു ദിവസം വരെയും അണുബാധ പകരാനിടയുണ്ട്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകൾ, എന്നിവിടങ്ങളിൽ തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വരും. നാലു മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം. ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ദീർഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻപോക്സ് പിടിപെട്ടാൽ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
രോഗബാധിതർക്ക് വായുസഞ്ചാരമുള്ള മുറിയിൽ പരിപൂർണ്ണ വിശ്രമം വേണം. ധാരാളം വെള്ളം കുടിക്കണം. പഴവർഗ്ഗങ്ങൾ കഴിക്കാം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിങ് ലായനി ഒഴിച്ച് വൃത്തിയാക്കണം. ചൊറിച്ചിലിന് കലാമിൻ ലോഷൻ ഉപയോഗിക്കാം.
കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണി കൊണ്ട് ഒപ്പിയെടുക്കണം. മുതിർന്നവർക്ക് ചൊറിച്ചിൽ കുറയ്ക്കാൻ സാധാരണ വെളളത്തിൽ കുളിക്കാം. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകൾ നിർത്തരുതെന്നും ആരോഗ്യ വകുപ്പ് നിർദേശത്തിൽ വ്യക്തമാക്കുന്നു.






