Timely news thodupuzha

പുസ്തകം നൽകാം, കൈകോർക്കാം അക്ഷരോന്നതിക്കൊപ്പം

ഇടുക്കി: പുസ്തകങ്ങളെ സ്‌നേഹിക്കുന്നവരാണോ നിങ്ങൾ? പുസ്തകങ്ങൾ നൽകുന്ന വിശാലമായ ആശയങ്ങളുടെയും ചിന്തകളുടെയും ലോകം മറ്റുളളവർക്കും കൂടി ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ..ഉണ്ടെങ്കിൽ നിങ്ങളുടെ പുസ്തകങ്ങൾ സംഭാവനയായി ഈ കുരുന്നുകൾ നൽകൂ…അവരുടെ ജീവിതവഴിയിൽ വെളിച്ചമേകാനുള്ള ശ്രമങ്ങളിൽ നിങ്ങൾക്കും പങ്കാളിയാകാം…

പട്ടികജാതി – പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്കായി ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന വിജ്ഞാനവാടി, സാമൂഹിക പഠനമുറി എന്നീ പേരുകളിൽ അറിയപ്പെടുന്ന കമ്മ്യൂണിറ്റി ലൈബ്രറി ആൻഡ് സ്റ്റഡി സെന്ററുകളിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്ന അക്ഷരോന്നതി പദ്ധതി പുരോഗമിക്കുകയാണ്. കുട്ടികളുടെ വായനാ ശീലം വളർത്തുന്നതോടൊപ്പം ഇത്തരം സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളും മുന്നിൽ കണ്ടാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ ഭാഗമായി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും (ബ്ലോക്ക്, പഞ്ചായത്ത് , മുനിസിപ്പാലിറ്റി) കളക്ഷൻ സെന്ററുകൾ സജ്ജമാക്കിട്ടുണ്ട്. കൂടാതെ ജില്ലയിലെ സ്‌കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫീസുകൾ, വിവിധ പൊതുജന കൂട്ടായ്മകൾ മുതലായ എല്ലാ സംവിധാനങ്ങളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിക്കുന്നു. ഏവർക്കും കൈയിലുള്ള വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവന ചെയ്ത് പദ്ധതിയുടെ ഭാഗമാകാം.

പുസ്തകം നൽകാൻ ആഗ്രഹിക്കുന്നവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ കളക്ടർ ഓഫീസ് കോംപ്ലക്‌സ്, ജില്ലാ ജോയിന്റ് ഡയറക്ടർ കാര്യാലയം എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പുസ്തക ശേഖരണ പെട്ടികളിൽ പുസ്തകങ്ങൾ സംഭാവന ചെയ്യാം.

Leave a Comment

Your email address will not be published. Required fields are marked *