ഇടുക്കി: അക്കാദമിക വർഷത്തിൻറെ ആരംഭത്തിന് മുന്നോടിയായി സ്കൂളുകളിൽ അടിയന്തിര ശുചീകരണത്തിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ആവശ്യമായ ഫണ്ട് ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി, ഹൈസ്കൂളുകൾക്ക് അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു.
സ്കൂളുകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള നിരവധി പദ്ധതികൾ 2026 – 2027 സാമ്പത്തിക വർഷം നടപ്പിലാക്കും. ജില്ലയിലെ ഗ്രാമ പരിധിയിലുള്ള എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളും ഹൈസ്കൂളുകളുമടക്കം ആകെ 114 വിദ്യാലയങ്ങളാണ് ജില്ലാ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ളത്.
സ്കൂൾ ശുചീകരണ സുരക്ഷാ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കാൻ കട്ടപ്പനയിൽ ജില്ലാ പഞ്ചായത്ത് വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. ഷീല സ്റ്റീഫൻ സ്കൂൾ മേധാവികളോട് നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ സജീവ് പി.കെ, ഫിനാൻസ് ഓഫീസറായ ഗവ. ഡെപ്യൂട്ടി സെക്രട്ടറി ജോബി തോമസ് എന്നിവർ പദ്ധതികൾ വിശദീകരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി റെജി, വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണിമേഖല, ഡിവിഷൻ മെമ്പർ മിനി സാബു, കട്ടപ്പന എ.ഇ.ഒ രാജശേഖരൻ.സി എന്നിവർ പങ്കെടുത്തു.






