ഇടുക്കി: തോപ്രാംകുടി ടൗണിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടക്കം നിത്യസംഭവമായി മാറുന്നു. ഇതുമൂലം ടൗണിലെ വ്യാപാരസ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നതിന് തടസ്സം നേരിടുകയാണ്. സ്കൂൾ തുറക്കുന്ന സമയവും പുതിയ അഡ്മിഷൻ പ്രവർത്തനങ്ങളുമായി വിദ്യാർഥികളും രക്ഷിതാക്കളും കോപ്പി എടുക്കുന്നതിനും മറ്റുമായി ഏറെ ക്ലേശിക്കുന്നു. കൂടാതെ തോപ്രാംകുടിയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി സമീപത്തുള്ള ഏഴ് വില്ലേജുകളിൽ നിന്ന് എത്തുന്നവർക്ക് വിവിധ ആവശ്യങ്ങൾ സാധിക്കുന്നതിന് തടസ്സം വരികയും കടത്തിണ്ണകളിലും ഓഫീസ് വരാന്തകളിലും ആയി കാത്തുനിൽക്കുന്ന പൊതുജനങ്ങൾക്ക് യഥാസമയം ഭക്ഷണം കഴിക്കുന്നതിനും കഴിയുന്നില്ല. കൂടെ കൂടെ വൈദ്യുതി വന്നും പോയും ഇരിക്കുന്നതിനാൽ ഹോട്ടലുകളിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി തോപ്രാംകുടി മേഖലയിലെ വൈദ്യുതി തടസ്സം ഒഴിവാക്കുവാൻ ശ്രദ്ധിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.
തോപ്രാംകുടിയിൽ വൈദ്യുതി മുടക്കം പതിവാകുന്നു






