തൊടുപുഴ: യു.പി.ഐ. ഇടപാടുകൾ നടത്തുമ്പോൾ കച്ചവടക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കച്ചവട സമൂഹം രംഗത്ത്.
രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയും യു.പി.ഐ. ഇടപാടുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, കച്ചവടക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കാനുള്ള തീരുമാനം ചെറുകിട, ഇടത്തരം കച്ചവട മേഖലയ്ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് തൊടുപുഴ മർച്ചന്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഇതിനകം തന്നെ വിവിധ സാമ്പത്തിക പ്രതിസന്ധികളും വർധിച്ച പ്രവർത്തനച്ചെലവുകളും നേരിടുന്ന കച്ചവടക്കാർക്ക് യു.പി.ഐ. ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഉപഭോക്താക്കളിലേക്കും എത്താനുള്ള സാധ്യതയുണ്ട്.
ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്ക് വിരുദ്ധമായ ഇത്തരം നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും, കച്ചവട മേഖലയ്ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിൽ നയം പുനഃപരിശോധിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
യു.പി.ഐ. ഇടപാടുകൾക്ക് കച്ചവടക്കാരിൽ നിന്ന് ചാർജ് ഈടാക്കാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും കച്ചവട മേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ മർച്ചന്റ് അസോസിയേഷൻ – അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപി ക്ക് നിവേദനം നൽകി.
തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടി, ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ, ട്രഷറർ ഈഎ അഭിലാഷ്, വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് സെക്രട്ടറി താജു എം. പി. എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.






