Timely news thodupuzha

തൊടുപുഴ മുതലക്കോടത്ത് 220 കെവി സബ്സ്റ്റേഷൻ ഭരണാനുമതി ലഭിച്ചു; നിയമസഭ ചീഫ് അപു ജോൺ ജോസഫ് എം.എൽഎ

തൊടുപുഴ: തൊടുപുഴ മേഖലയിലെ ട്രാൻസ്മിഷൻ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇടുക്കി ജില്ലയിൽ അനുഭവപ്പെടുന്ന ആവർത്തിച്ചുള്ള വൈദ്യുതി തടസ്സങ്ങളും വോൾട്ടേജ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനുമായി 220 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് അറിയിച്ചു. തൊടുപുഴ ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള മുതലക്കോടത്ത് പുതിയ 220 കെവി സബ്സ്റ്റേഷന്റെ നിർമ്മാണത്തിനായി 50 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. അടുത്ത 15 – 20 വർഷത്തേയ്ക്ക് ഏകദേശം ആറു ശതമാനം വാർഷിക ലോഡ് വളർച്ച പ്രതീക്ഷിക്കുന്നതിനാൽ നിലവിലുള്ള 66 കെ വി സബ്സ്റ്റേഷൻ സംവിധാനത്തിന് ഭാവിയിലെ ആവശ്യം നിറവേറ്റാൻ കഴിയില്ല. അതിനാൽ ഉയർന്നശേഷിയുള്ള ഒരു പുതിയ ലോഡ് സെന്റർ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. രണ്ട് ഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആകെ പദ്ധതി ചെലവ് 50 കോടി രൂപയാണ്. ഏകദേശം മൂന്നര ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 36 മാസത്തിനുള്ളിൽ പ്രവർത്തി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. – അപു ജോൺ ജോസഫ് പറഞ്ഞു. ലോഡ് ഫ്ലോ സ്റ്റഡി റിപ്പോർട്ട്, ഫിനാൻഷ്യൽ അഡ്വൈസറുടെ റിപ്പോർട്ട് ഇതേ തുടർന്ന് ഡിപിആർ കമ്മിറ്റിയുടെ അംഗീകാരം നേടിയ ശേഷമാണ് ഡയറക്ടർമാരുടെ മീറ്റിങ്ങിൽ ഭരണാനുമതി ലഭ്യമായത്. കണിയാമ്പറ്റ, അമ്പലമുകൾ സബ്സ്റ്റേഷനുകളിൽ നിലവിൽ ലഭ്യമായ രണ്ട് 50 എംവിഎ ട്രാൻസ്ഫോർമറുകളും തൊടുപുഴ സർക്കിളിൽ ലഭ്യമായ മൂന്ന് അഞ്ച് എംവിഎ ട്രാൻസ്ഫോർമറുകളും ഈ പദ്ധതിക്കായി പുനരു പയോഗിക്കും. കുറഞ്ഞ വോൾട്ടേജ് മൂലം വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതോപകരണങ്ങൾ കേടാവുന്നത് തടയാനും തടസ്സം ഇല്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാനും സബ് സ്‌റ്റേഷൻ നിലവിൽ വരുന്നതോടെ സാധിക്കും. വൈദ്യുതി വിതരണം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതി ഏറെ സഹായകമാകും. തൊടുപുഴയുടെ വികസന കുതിപ്പിന് പദ്ധതി ഏറെ ഗുണം ചെയ്യുമെന്നും അപു ജോൺ ജോസഫ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *